‘പരാതിയുമായി വനിതകള്‍ വന്നാല്‍ ഏത് ഉന്നതനായാലും നിയമത്തിന് മുമ്പില്‍ എത്തിക്കും’

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി വെച്ചിട്ടില്ലെന്നും പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് സര്‍ക്കാര്‍ എതിരല്ല. റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ശുപാര്‍ശകള്‍ അതീവ പ്രാധാന്യം നല്‍കി നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ടില്‍ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങളുണ്ട്. അതിനാല്‍, റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. ഇത് പുറത്തുവിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19-ന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തങ്ങളുടെ കമ്മിറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചു രഹസ്യാത്മകമായ വെളിപ്പെടുത്തലുകളാണ്. ആയതിനാല്‍ യാതൊരു കാരണവശാലും താന്‍ അടങ്ങുന്ന കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാര്‍ശ ജസ്റ്റിസ് ഹേമയുടെ കമ്മിറ്റി വെച്ചിട്ടില്ല. അതിനപ്പുറം മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ആവശ്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി ലഭിച്ച കേസുകളില്‍ മുഖം നോക്കാതെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

എന്നാല്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയ്യാറായി മുമ്പോട്ട് വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടല്‍ ഉണ്ടാകും. എത്ര ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന് മുമ്പില്‍ എത്തിക്കും. അതില്‍ ഒരു തരത്തിലുള്ള സംശവും ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!