ഓണച്ചിട്ടിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ല;  യുവതിയുടെ കള്ളക്കഥ പൊളിച്ച് പൊലീസ്…

നെടുങ്കണ്ടം : ഓണച്ചിട്ടിയില്‍ നിക്ഷേപിച്ച പണം ആളുകള്‍ക്ക് തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ കള്ളപരാതിയുമായി എത്തിയ യുവതിയുടെ പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തൽ.

വീട്ടില്‍ കയറി കണ്ണില്‍ മുളകുപൊടി വിതറി യുവാക്കള്‍ 18 ലക്ഷം രൂപ തട്ടിയെന്ന യുവതിയുടെ പരാതിയാണ് വ്യാജമെന്ന് കണ്ടെത്തിയത്. ഇടുക്കി നെടുങ്കണ്ടം കോമ്പയാര്‍ സ്വദേശിനിയാണ് കള്ളക്കഥ മെനഞ്ഞത്. ഉടുമ്പന്‍ചോല കോമ്പയാറില്‍ ഇന്നലെ വൈകിട്ടാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന തന്റെ മുഖത്തു മുളകുപൊടി വിതറി ലക്ഷങ്ങള്‍ തട്ടിയെന്നാണു യുവതി ആരോപിച്ചത്. രണ്ടംഗ സംഘമാണ് എത്തിയത്. അവര്‍ മുഖംമൂടി ധരിച്ചിരുന്നു. മുളകുപൊടി വിതറിയശേഷം അലമാരയില്‍ നിന്നു പണം എടുത്തുകൊണ്ടു പോയി എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

തുടർന്ന് നെടുങ്കണ്ടം എസ്‌ഐ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാല്‍ ചോദ്യം ചെയ്യലില്‍ യുവതി നല്‍കിയത് വ്യാജ പരാതിയാണെന്ന് തെളിയുകയായിരുന്നു. മോഷണം പോയ തുകയിലും മൊഴികളിലും വൈരുധ്യം വന്നതോടെ പൊലീസ് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു. ഫൊറന്‍സിക് സംഘം ഉള്‍പ്പെടെയുള്ളവര്‍ വരുമെന്നും കൂടുതല്‍ പ്രശ്‌നമാകുമെന്നു മനസ്സിലാക്കിയ യുവതി മോഷണം കെട്ടിച്ചമച്ചതാണെന്നു സമ്മതിക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനാല്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!