കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, 20 ന് പരിഗണിക്കും

ന്യൂഡല്‍ഹി : കൊല്‍ക്കത്തയില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.

ഓഗസ്റ്റ് ഒമ്പതിനാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പിജി ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവത്തെ തുടര്‍ന്ന് രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ജോലിക്കിടെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങള്‍ ചൂണ്ടികാണിച്ച് സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിഷേധ സമരത്തിലാണ്.

ഇതിനിടെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണവും ഉണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒരുകൂട്ടം ആളുകള്‍ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത തുടരുന്നതിനിടെ അര്‍ധരാത്രിയോടെ ചില ആളുകള്‍ ആശുപത്രി വളപ്പില്‍ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!