കോട്ടയം: കോട്ടയം നഗരസഭയിലെ ജീവനക്കാരനായിരുന്ന അഖിൽ സി.വര്‍ഗീസ് നടത്തിയ പെൻഷൻ തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണത്തിൽ മെല്ലെപ്പോക്ക്.
അന്വേഷണമേറ്റെടുത്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഒളിവിലുളള അഖിലിനെക്കുറിച്ച് ഒരുവിവരവും കിട്ടാത്തത് രാഷ്ട്രീയ സ്വാധീനം മൂലമെന്നാണ് ആരോപണം. ഗൗരവമുളള തട്ടിപ്പായതിനാൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ അഖിൽ സി വര്‍ഗീസ് നടത്തിയ പെൻഷൻ തട്ടിപ്പ് നഗരസഭ കണ്ടെത്തുന്നത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതുമുതൽ ഒളിവിൽ കഴിയുന്ന അഖിലിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ജോലി നോക്കുന്ന കോട്ടയം ജില്ലയിലും സ്വദേശമായ കൊല്ലത്തും അന്വേഷണം തുടരുന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇയാളുടെ ബന്ധുക്കളെ പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു..
