ഹൃദയം തകർന്ന വേദനയോടെ വീട്ടിൽ തിരികെയെത്തി; അച്ഛൻ്റെ ചിതയ്ക്ക് തീ കൊളുത്തിയ ശേഷം കലോത്സവ വേദിയിലേക്ക്…

തിരുവനന്തപുരം : തലസ്ഥാനത്തെ കലോത്സവ വേദിയിൽ എത്തിയ ശേഷമാണ് കോട്ടയം ളാക്കാട്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഹരിഹർ ദാസ് തന്റെ അച്ഛന്റെ മരണ വാർത്തയറി‌ഞ്ഞത്. ഹൃദയം തകർന്ന വേദനയോടെ അധ്യാപികയ്ക്കൊപ്പം വീട്ടിൽ തിരികെയെത്തിയ ഹരിഹർ ദാസ് വൈകുന്നേരം അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി. മകൻ കലാകാരനാകണമെന്ന് സ്വപ്നം കണ്ട അച്ഛന് വേണ്ടി രാത്രി തന്നെ ഹരി വീണ്ടും കലോത്സവ വേദിയിലേക്ക് വണ്ടി കയറി. ഉള്ളിലെ ദുഃഖം തളംകെട്ടിയ മുഖവുമായി വേദിയിൽ നിറഞ്ഞ അവനും കൂട്ടുകാർക്കും ഒടുവിൽ എ ഗ്രേഡ് ലഭിച്ചു.

കോട്ടയം-എറണാകുളം റോഡിൽ കാണക്കാരി ജംഗ്ഷന് സമീപം ശനിയാഴ്ച രാത്രിയുണ്ടായ ബൈക്ക് അപകടത്തിലാണ് ഹരിഹറിന്റെ പിതാവ് എ.കെ അയ്യപ്പദാസ് മരിച്ചത്. കോട്ടയം സ്റ്റാർ വോയ്സ് ട്രൂപ്പിലെ ഗായകനായ അയ്യപ്പദാസ് രാത്രി പ്രോഗ്രാം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാ യിരുന്നു അപകടം. അച്ഛന്റെ അപകട വാർത്ത അറിയുമ്പോൾ ഹരിഹർദാസ് തലസ്ഥാനത്ത് കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അധ്യാപികയ്ക്കൊപ്പം ഹരിഹർദാസിനെ സ്കൂൾ അധികൃതർ വീട്ടിലെത്തിച്ചു. വൈകുന്നേരമാണ് നടപടികൾ പൂർത്തിയാക്കി അയ്യപ്പദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. രാത്രി എട്ട് മണിയോടെ സഹോദരി ഉഷയുടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.

എന്നാൽ തിങ്കളാഴ്ച ന‍ടക്കേണ്ട വൃന്ദവാദ്യം മത്സരത്തിൽ സുഹൃത്തുക്കൾക്കൊപ്പം പങ്കെടുക്കാൻ തന്നെ ഹരിഹർദാസ് തീരുമാനിക്കുകയായിരുന്നു. രാത്രിതന്നെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. മത്സര വേദിയിൽ കൂട്ടുകാർ വെള്ളയും കറുപ്പും യൂണിഫോമിൽ സ്റ്റേജിൽ കയറിയപ്പോൾ, ഹരിഹർദാസ്, തന്നെ കലാകാരനാക്കാൻ സ്വപ്നം കണ്ട അച്ഛന്റെ ഷർട്ടും ചെരുപ്പും വാച്ചും ധരിച്ചെത്തി. മത്സരത്തിൽ എ ഗ്രേഡ് ലഭിച്ച ഹരിയെയും ടീമിനെയും അഭിനന്ദിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജ് എത്തിയിരുന്നു. മന്ത്രി തന്നെയാണ് ഹരിയുടെ ഈ വേദന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!