32 കോടി രൂപയുടെ ജി എസ് ടി വെട്ടിപ്പ്; സംസ്ഥാനത്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും മിന്നൽ പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രമുഖ മേക്കപ്പ് ആ‍‍ർടിസ്റ്റുകളുടെ സ്ഥാപനങ്ങളില്‍ പരിശോധന. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗമാണ് പ്രത്യേക പരിശോധന നടത്തിയത്. ഏതാണ്ട് അൻപത് സ്ഥാപനങ്ങളിലും വീടുകളിലും ഇന്ന് പരിശോധന നടത്തിയതായും കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ജിഎസ്ടി വകുപ്പ് പുറത്തിറക്കിയ വാ‍ർത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി മേക്കപ്പ് ആ‍ർടിസ്റ്റുകളുടെ സ്ഥാപനങ്ങളും വീടുകളും നിരീക്ഷിച്ചുവരികയായിരുന്നു എന്ന് ജി.എസ്.ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ പരിശോധന തുടങ്ങി. രാത്രിയും പലയിടങ്ങളിലും പരിശോധന തുടരുകയാണ്. മേക്കപ്പിലൂടെ ലഭിക്കുന്ന നികുതി അടയ്ക്കേണ്ട കോടികളുടെ വരുമാന വിവരങ്ങള്‍ മറച്ചുവെച്ച്‌ നികുതി വെട്ടിപ്പ് നടത്തുന്നതായാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഏകദേശം 32.51 കോടി രൂപയുടെ നികുതി വെട്ടിപ്പ് പ്രാഥമികമായി കണ്ടെത്തിയെന്ന് വാർത്താക്കുറിപ്പില്‍ സംസ്ഥാന ജിഎസ്ടി കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ചരക്ക് സേവന നികുതി വകുപ്പിലെ ഇന്റലിജൻസ് വിഭാഗത്തിനൊപ്പം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. ഇത്തരത്തിലുള്ള നികുതി വെട്ടിപ്പുകള്‍ക്കെതിരെ ചരക്ക് സേവന നികുതി വകുപ്പ് അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!