കോട്ടയം : സംസ്ഥാനത്ത് ആദ്യമായി മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട വ്യക്തിക്കെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരമുള്ള എക്‌സൈസിന്റെ ആദ്യ കരുതല്‍ തടങ്കല്‍ കോട്ടയത്ത്. എരുമേലി സ്വദേശിയായ 25 കാരനെയാണ് കരുതല്‍ തടങ്കലിലാക്കിയത്. എക്‌സൈസ് വകുപ്പിന്റെ കരുതല്‍ തടങ്കല്‍ ശുപാര്‍ശ അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി ഉത്തരവായി.
1988ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്, നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് ജാമ്യമില്ലാതെ തടങ്കലില്‍ വയ്ക്കുന്ന നിയമപ്രകാരം സ്ഥിരം കുറ്റവാളിയും മയക്കുമരുന്ന് ഇടപാടുകാരനുമായ എരുമേലി സൗത്ത് ഒലിക്കപ്പാറയില്‍ വീട്ടില്‍ അഷ്‌കര്‍ അഷറഫ് (25) എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടങ്കലിലാക്കി.
സംസ്ഥാനത്ത് ആദ്യമായാണ് മയക്കുമരുന്ന് കടത്തുകാരനെതിരെ എക്‌സൈസ് മയക്കുമരുന്ന് നിരോധന നിയമപ്രകാരം കുറ്റം ചുമത്തുന്നത്.
എറണാകുളം വൈറ്റില ചക്കരപ്പറമ്പിന് സമീപം ബൈക്കില്‍ 1.117 കിലോ കഞ്ചാവ് കടത്തികൊണ്ടുവരവേ എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് അഷ്‌കര്‍ അഷറഫിനെയും കൂട്ടാളിയെയും പിടികൂടി. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി വിചാരണ നേരിടുമ്പോള്‍ തന്നെ പാലായില്‍ വച്ച് അതിമാരക രാസ ലഹരിയായ 76.9366 ഗ്രാം മെത്താംഫിറ്റമൈന്‍, 0.1558 മില്ലീ ഗ്രാം (9 എണ്ണം) എന്നിവയുമായി കോട്ടയം എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലായി.
അഷ്‌കര്‍ അഷ്റഫ് വിദ്യാഭ്യാസ യോഗ്യതയുള്ള ആളാണെങ്കിലും എല്‍എസ്ഡി, മെതാംഫെറ്റാമൈന്‍, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകള്‍ക്ക് അടിമയാണ്. കോട്ടയം, എറണാകുളം ജില്ലകളില്‍ മയക്കുമരുന്ന് കച്ചവടക്കാരുടെയും, ഇടപാടുകാരുടെയും വലിയ ശൃംഖലയാണ് അഷ്‌കറിനുള്ളത്. മിക്കപ്പോഴും മെത്തംഫെറ്റാമൈന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍ പോലുള്ള രാസ ലഹരി മരുന്നുകള്‍ വലിയ തോതില്‍ ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് കടത്താറുണ്ടായിരുന്നു. ഇവ കോട്ടയം ജില്ലയിലെ ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, എരുമേലി തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതായിരുന്നു പ്രവര്‍ത്തന രീതി. ഒരു മയക്കുമരുന്ന് വ്യാപാര ശൃംഖല തന്നെ സൃഷ്ടിച്ചിരുന്നു.
അഷ്‌കര്‍ അഷ്റഫ് നിലവില്‍ വിചാരണ നടപടികള്‍ക്ക് വിധേയനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ് വരവേയാണ് കരുതല്‍ തടങ്കല്‍ നടപടിയിലൂടെ ജയില്‍ മോചിതനാവാനുള്ള സാധ്യത ഒഴിവാക്കി എക്‌സൈസ് വകുപ്പ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്.