പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്…പ്രതിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തന്‍റെ ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിക്കൊപ്പം എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ ഭാര്യ സത്യവാങ്മൂലവും കോടതിയിൽ നൽകിയിരുന്നു.

ഭർത്താവ് രാഹുലിനെതിരെ പൊലീസിൽ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്നാണ് യുവതിയുടെ ഇപ്പോഴത്തെ നിലപാട്. ഭാര്യയുമായുളള സകല തെറ്റിദ്ധാരണകളും മാറിയെന്ന് രാഹുലും കോടതിയെ അറിയിച്ചു. പരാതിക്കാരിയായ യുവതി തന്നെ മൊഴി മാറ്റിയ സ്ഥിതിക്ക് കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിയമോപദേശം അനുസരിച്ചാകും പൊലീസ് നിലപാട്. കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!