ദുരന്ത മേഖലയിലേക്ക് അനാവശ്യമായി ആരും പോകരുത്, ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി…

തിരുവനന്തപുരം: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്ന തരത്തില്‍ ദുരന്തമേഖലയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. അനാവശ്യമായി വാഹനങ്ങളില്‍ അവിടേക്കു പോയി ഗതാഗത തടസം ഉണ്ടാക്കുന്നത് കര്‍ശനമായി ഒഴിവാക്കണം. ചൂരല്‍മലയിലും മുണ്ടക്കൈയിലും അതിദാരുണമായ ദുരന്തമാണ് ഉണ്ടായതെന്നും രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്ത മേഖലയില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടം കഴിയുമ്പോഴേക്കും മുഖ്യമന്ത്രി വയനാട്ടിലെത്തിയേക്കും.

രക്ഷാപ്രവര്‍ത്തനത്തിന് ഉള്ളവര്‍ മാത്രമേ ഇപ്പോള്‍ അവിടേയ്ക്കു പോകാന്‍ പാടുള്ളു. ദുരിത ബാധിതര്‍ക്ക് സഹായം നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേഖലയില്‍ രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാട്ടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്.

എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കളക്ടറേറ്റില്‍ 1077 എന്ന നംബറില്‍ ബന്ധപ്പെട്ടു അറിയിക്കുക. ജില്ലാ കളക്ടറേറ്റില്‍ ഇവ ശേഖരിക്കുവാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത്. അവ സ്വീകരിക്കില്ല. പുതുതായി ആരും ഒന്നും ഇപ്പോള്‍ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!