തൊടുപുഴ : അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം 3 യുവാക്കളുടെ അഴിഞ്ഞാട്ടം. ഒരു ഇരുചക്ര വാഹനത്തിൽ വന്ന ഇവർ റോഡിൽ ഇറങ്ങി വാഹനങ്ങൾ തടഞ്ഞ് ബഹളം വെക്കുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന കെ എസ് ആർടിസി ബസ് തടഞ്ഞ് നിർത്തി ബസിൽ ശക്തമായി ഇടിച്ച് ബഹളം വെച്ചു.
പിന്നാലെ വന്ന സ്വകാര്യ ബസും തടഞ്ഞിട്ടു. ഇതുവഴി വന്ന മറ്റ് വാഹനങ്ങൾ എല്ലാം ഇവർ തടഞ്ഞു. മയക്കുമരുന്നിന് അടിമപ്പെട്ട യുവാക്കളാണ് അഴിഞ്ഞാട്ടം നടത്തിയത് എന്നാണ് വിവരം. കാൽ മണിക്കൂറോളം ഇവർ ഇവിടെ
ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
സ്കൂൾ വിട്ട സമയത്തായിരുന്നു ഇവരുടെ അഴിഞ്ഞാട്ടം. പിന്നീട് ഇവർ ഇരുചക്ര വാഹനത്തിൽ അതിവേഗം പ്രദേശത്ത് നിന്നും രക്ഷപ്പെട്ടു. ഇവർ പോയതിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്.