കൊച്ചി: സർക്കാർ ജീവനക്കാർ തങ്ങളുടെ തൊഴിലിടങ്ങളിൽ ഹാപ്പിയാണെന്ന് സർവേ റിപ്പോർട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സർവേ സംഘടിപ്പിച്ചത്. കാക്കനാട് സിവിൽ സ്റ്റേഷനിലെ റാൻഡമായി തിരഞ്ഞെടുത്ത വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 37 ഓഫീസുകളിലെ 246 ജീവനക്കാരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.
സർവേ റിപ്പോർട്ട് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് പ്രകാശനം ചെയ്തു. ജോലിക്കൊപ്പം വ്യക്തി ജീവിതത്തിനും പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തി ജീവിതത്തിൽ സന്തോഷമുണ്ടെങ്കിലേ തൊഴിലിടങ്ങളിലും സന്തോഷത്തോടെ പ്രവർത്തിക്കാനാകൂ. തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്താനുള്ള അവസരമാണിത്. സന്തോഷമില്ലെങ്കിൽ അക്കാര്യം മേലധികാരിയോട് തുറന്ന് പറയണം.
നിങ്ങളുടെ പ്രശ്നം പരിഹരിക്കാ9 കഴിഞ്ഞില്ലെങ്കിലും തുറന്ന് പറയുമ്പോൾ മനസിന്റെ ഭാരം കുറയും. 1776 ലെ യുസ് ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസിൽ വ്യക്തമാക്കിയിട്ടുള്ള മൂന്ന് കാര്യങ്ങളെക്കുറിച്ച് ഓർമപ്പെടുത്തിയാണ് ജില്ലാ കളക്ടർ സംസാരം ആരംഭിച്ചത്. ലൈഫ്, ലിബർട്ടി, പർസ്യൂട്ട് ഓഫ് ഹാപ്പിനെസ് എന്നിവയാണ് ആ മൂന്നു കാര്യങ്ങൾ. സന്തോഷത്തിനു വേണ്ടിയുള്ള തേടലാണ് ഓരോരുത്തരുടെയും ജീവിതം.
ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് ജോലി. വ്യക്തിജീവിതത്തിൽ ബന്ധങ്ങൾ കാത്തുസൂക്ഷിക്കാ9 ശ്രദ്ധിക്കണം. നല്ല ഒരു ഹോബി എല്ലാവർക്കുമുണ്ടായിരിക്കണം – സന്തോഷം നേടാനുള്ള വഴികളെക്കുറിച്ച് കളക്ടര്‍ പറഞ്ഞു.
കമ്പനികളിൽ ആകെ സന്തോഷം
ഓരോ ഓഫീസിലെയും ആകെ ജീവനക്കാരിൽ 20% ത്തോളം പേർ സർവേയിൽ പങ്കെടുത്തു. ഈ 20% ത്തിൽ 30% ഗസറ്റഡ് ഉദ്യോഗസ്ഥരും 70% നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുമാണ്. കൂടാതെ ഓഫീസ് മേധാവികളെയും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിലിടങ്ങളിൽ ഏറ്റവും അധികം സന്തോഷവാന്മാരാണെന്ന് കണ്ടെത്തിയത് ഫാക്ടറീസ് & ബോയ്ലേഴ്സ് വകുപ്പ് ജില്ലാ കാര്യാലയത്തിലെ ഉദ്യോഗസ്ഥരെയാണ്. 5 പോയിന്റ് സ്കെയിലിൽ 4.5 പോയിന്റാണ് ഇവർ നേടിയത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയമാണ് ജീവനക്കാരുടെ സന്തോഷത്തിന്റെ കാര്യത്തിൽ രണ്ടാമത് എത്തിയത്. 4.14 ആണ് ഇവർ നേടിയ സ്കോർ.
ചെലോർക്ക് കൂടുതൽ സന്തോഷം, ചെലോർക്ക് ഇത്തിരി സന്തോഷം
സർവേയിൽ പങ്കെടുത്ത ആകെ ജീവനക്കാരിൽ 41.06% പേർ തങ്ങൾ സന്തോഷവാന്മാരാണെന്ന വിവരമാണ് സർവേയിൽ രേഖപ്പെടുത്തിയത്. 13.41% ജീവനക്കാർ അതീവ സന്തോഷവാന്മാരാണെന്ന് പറഞ്ഞപ്പോൾ 1.22% ജീവനക്കാർ തങ്ങൾ സന്തോഷവാന്മാരല്ലെന്നാണ് സർവേയിൽ വ്യക്തമാക്കിയത്. 6.5% പേർ തങ്ങൾ ചിലപ്പോൾ മാത്രം സന്തോഷവാന്മാരാണെന്നും രേഖപ്പെടുത്തി. തങ്ങൾ സംതൃപ്തരാണെന്ന് പറഞ്ഞവർ 37.81% പേരാണ്. സർവേയിൽ പങ്കെടുത്ത ഓഫീസ് മേധാവികളിൽ 43.48% പേർ തൊഴിലിടങ്ങളിൽ തങ്ങൾ സന്തോഷവാന്മാരാണെന്ന് വ്യക്തമാക്കി. 21.74% പേർ അതീവ സന്തോഷവാന്മാരാണെന്നും 13.04% പേർ തങ്ങൾ ചിലപ്പോൾ മാത്രം സന്തോഷവാന്മാരാണെന്നും രേഖപ്പെടുത്തി. 21.74% ഓഫീസ് മേധാവികൾ സംതൃപ്തരാണെന്നാണ് സർവേയിൽ മറുപടി നൽകിയത്.
ഒരു ഗസറ്റഡ് സന്തോഷ കഥ
ഗസറ്റഡ് ഉദ്യോഗസ്ഥരിൽ 16.67% പേർ അതീവ സന്തോഷവാന്മാരും 49.99% പേർ സന്തോഷവാന്മാരാണെന്നും 26.67% സംതൃപ്തരാണെന്നും 6.67% പേർ ചിലപ്പോൾ മാത്രം സന്തോഷവാന്മാരാണെന്നും സർവേ ഫലം വ്യക്തമാക്കുന്നു.
നോൺ ഗസറ്റഡ് സൂപ്പർവൈസറി ഉദ്യോഗസ്ഥരിൽ 17. 65% അതീവ സന്തോഷവാന്മാരും 32.35% സന്തോഷവാന്മാരും 44.12% സംതൃപ്തരും ചിലപ്പോൾ മാത്രം സന്തോഷമുള്ളവർ 2.94% ഉം സന്തോഷം ഇല്ലാത്തവർ 2.94% ഉം ആണെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു.
നോൺ ഗസറ്റഡ് മറ്റുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 0.64% പേർ മാത്രമാണ് തങ്ങൾ സന്തുഷ്ടരല്ല എന്ന് വൃക്തമാക്കിയത്. നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ 40.38% പേർ തങ്ങൾ തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണെന്നും 10.90% പേർ അതീവ സന്തോഷവന്മാരാണെന്നും പറയുന്നു. തങ്ങൾ സംതൃപ്തരാണെന്ന് 41.67% പേരും ചിലപ്പോൾ മാത്രം തങ്ങൾ സന്തോഷവാന്മാരാണെന്ന് പറഞ്ഞത് 6.41% പേരുമാണ്.
