‘ആൾക്കൂട്ടങ്ങളുടെ നായകനില്ലാതെ’ ; ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം. 2023 ജൂലൈ 18 നാണ് സമാനതകളില്ലാത്ത നേതാവ് വിടവാങ്ങിയത്. എന്നും എപ്പോഴും ആൾക്കൂട്ടങ്ങൾക്കിടയിൽ മാത്രം ജീവിച്ച നേതാവ്. നേതാക്കളുടെ നേതാവും അണികളുടെ ആവേശവുമായിരുന്നു പ്രിയപ്പെട്ടവർക്കിടയിലെ കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ചാണ്ടി. കരുതലിന്‍റെ ആ കൈത്തലം വിട്ടുപോയ വേർപാടിന്റെ ദുഃഖ സ്മരണയിലാണ് കേരളം.

അഞ്ച് പതിറ്റാണ്ട് നിയമസഭാ അംഗവും രണ്ടു തവണ മുഖ്യമന്ത്രിയുമായിരുന്നു ഉമ്മൻചാണ്ടി. സംസ്ഥാന വ്യാപകമായി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ പുതുക്കാനായി കോൺഗ്രസ് നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 1546 വാര്‍ഡുകളിൽ ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുമെന്ന് തിരുവനന്തപുരം ഡിസിസി അറിയിച്ചു.

ഉമ്മൻ ചാണ്ടിയുടെ ജന്മനാടായ കോട്ടയത്ത് നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് വലിയ പളളിയിൽ പ്രത്യേക കുർബാന നടക്കും. തുടർന്ന് കല്ലറയിൽ ധൂപ പ്രാർത്ഥനയും കരോട്ടുവള്ളക്കാലയിലെ വീട്ടിലും പ്രാർത്ഥനയുണ്ടാകും.

11 മണിക്ക് ചേരുന്ന അനുസ്മരണ യോഗത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷനാകും. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!