കോട്ടയം ബി.സി.എം കോളേജ് @ 70,  സാന്ദ്രമീ സപ്തതി ആഘോഷത്തിന് തുടക്കം


കോട്ടയം : സ്ത്രീ വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി കോട്ടയം നഗരമധ്യത്തിൽ പ്രവർത്തനം ആരംഭിച്ച കോട്ടയം ബി.സി.എം കോളേജ് (ബിഷപ്പ് ചൂളപറമ്പിൽ മെമ്മോറിയൽ കോളേജ്) സപ്തതി നിറവിൽ.

1955-ൽ ബിഷപ്പ് മാർ തോമസ് തറയിലാണ് പെൺകുട്ടികളും വിദ്യാസസമ്പന്നരാകണം എന്ന ദീർഘ വീക്ഷണത്തോടെ തൻ്റെ മുൻഗാമിയായ കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് മാർ അലക്സാണ്ടർ ചൂളപ്പറമ്പിലിൻ്റെ സ്മരണാർത്ഥം ബി.സി.എം എന്ന കലാലയം സ്ഥാപിച്ചത്.

പ്രിൻസിപ്പൽ ഉൾപ്പെടെ 8 അധ്യാപകരും, ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും, 63 ഇൻ്റർമീഡിയറ്റ് വിദ്യാർത്ഥിനികളുമായാണ് ബിസിഎം കോളേജ് ആരംഭിക്കുന്നത്.

കോളേജ് പപ്പ എന്നറിയപ്പെട്ടിരുന്ന പ്രൊ. വി. ജെ ജോസഫായിരുന്നു ആദ്യത്തെ പ്രിൻസിപ്പൽ.

70 വർഷം പിന്നിടുന്ന കാലയളവിൽ, ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മികവുള്ള ഒരു സ്ഥാപനമായി ബിസിഎം മാറിക്കഴിഞ്ഞു.

അക്കാഡമിക് രംഗത്തെ നേട്ടങ്ങൾക്ക് ഒപ്പം കലാ, കായിക മേഖലകളിലും ഇന്ന് കോളേജ് സജീവ സാന്നിധ്യമാണ്.

എം.ജി സർവ്വകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനത്തിന് 3.46 ഗ്രേഡോടെ നാക്ക് അക്രഡിറ്റേഷനിൽ ഉള്ള A+ ഗ്രേഡും പൊൻതൂവലാണ്.

ബിരുദാനന്തര വിഭാഗത്തിൽ 8 പ്രോഗ്രാമുകളും, ബിരുദ വിഭാഗത്തിൽ 16 പ്രോഗ്രാമുകളും ഈ കോളേജിലുണ്ട്.

1927-ൽ ആരംഭിച്ച സെൻ്റ് ആൻസ് സ്കൂളിൻ്റെ തുടർച്ചയായാണ് ബി സി എം കോളേജ് പ്രവർത്തനമാരംഭിച്ചത്.

“സാന്ദ്രമീ സപ്തതി” എന്ന പേരിലുള്ള കോളേജിൻ്റെ 70-ാം വാർഷിക
ആഘോഷങ്ങളുടെയും, കർമ്മപദ്ധതിയുടെയും ഉദ്ഘാടനം കോളേജ് രക്ഷാധികാരിയും, കോട്ടയം അതിരൂപത മെത്രാപ്പോലീത്തയുമായ മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു.

കോളേജ് മാനേജർ റവ. ഫാ. അബ്രഹാം പറമ്പേട്ട് അധ്യക്ഷനായി.
അഡ്വ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. കോളേജ് ഗവർണിംങ് ബോർഡ് അംഗം തോമസ് ചാഴികാടൻ ജൂബിലി ലോഗോ പ്രകാശനം ചെയ്‌തു. ജൂബിലി കൺവീനർ അനിൽ സ്റ്റീഫൻ കർമ്മ പദ്ധതി അവതരണം നിർവ്വഹിച്ചു. മാനേജർ ഡോ. ടി.എം ജോസഫ്, പ്രിൻസിപ്പാൾ ഡോ. സ്റ്റൈഫി തോമസ്, ബർസാർ ഫാ. ഫിൽമോൻ കളത്ര , അധ്യാപകരായ എലിസബത്ത് ജോണി, ആൻസി സിറിയക് എന്നിവ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. അന്നു തോമസ്, ഡോ. രേഷ്മ റേച്ചൽ കുരുവിള, പ്രിയ തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!