ന്യൂഡല്‍ഹി: മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളില്‍ സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദേശം. ഗര്‍ഭിണികളായ സ്ത്രീകളില്‍ സംസ്ഥാനങ്ങള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. അണുബാധയേറ്റ ഗര്‍ഭിണികളുടെ ഭ്രൂണവളര്‍ച്ച പ്രത്യേകം നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡോ. അതുല്‍ ഗോയലിന്റെ ഉപദേശത്തിനു പുറമേ, പരിസരം ഈഡിസ് കൊതുക് മുക്തമാണെന്ന് ഉറപ്പാക്കാന്‍ ഒരു നോഡല്‍ ഓഫീസറെ കണ്ടെത്താനും ആരോഗ്യ സ്ഥാപനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകള്‍ തന്നെയാണ് വൈറല്‍ രോഗമായ സിക്കയുടെയും കാരണക്കാര്‍.
മാരകമല്ലെങ്കിലും, സിക്ക ബാധിച്ച ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വലിയ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
