ന്യൂഡല്‍ഹി: ഇനിയും ഇരുപത് വര്‍ഷം കൂടി എന്‍ഡിഎ സര്‍ക്കാര്‍ രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്ത് വര്‍ഷം രാജ്യം ഭരിച്ചുവെന്നും അടുത്ത അഞ്ച് വര്‍ഷത്തില്‍ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോരാട്ടമായിരിക്കുമെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു. അതേസമയം മോദി കള്ളം പറയുന്നത് നിര്‍ത്തണമെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
രാജ്യത്തിന്റെ വികസനകുതിപ്പാണ് എന്‍ഡിഎ സര്‍ക്കാരിനെ ജനം മൂന്നാമതും അധികാരത്തിലേറ്റിയത് കഴിഞ്ഞ പത്ത് വര്‍ഷം എന്‍ഡിഎ സര്‍ക്കാരിന്റേത് ലഘുതുടക്കമായിരുന്നു. സര്‍ക്കാരിന്റെ സുപ്രധാന കാര്യങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് മോദി പറഞ്ഞു. സര്‍ക്കാരിന് വഴിവെളിച്ചം നല്‍കുന്നത് ഭരണഘടനയാണ്. അത് വളരെ പവിത്രമാണെന്ന് പറഞ്ഞ മോദി, അടുത്ത 20 വര്‍ഷവും തങ്ങളുടേതായിരിക്കുമെന്നും രാജ്യസഭയില്‍ കൂട്ടിച്ചേര്‍ത്തു. ഇതൊരു മൂന്നിലൊന്ന് സര്‍ക്കാരായിരിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്ക് നന്ദി. അവര്‍ പറഞ്ഞത് ശരിയാണ്. സര്‍ക്കാര്‍ രൂപീകരിച്ച് പത്ത് വര്‍ഷമായി. ഇനി ഒരു 20 വര്‍ഷം കൂടി സര്‍ക്കാര്‍ വരുമെന്നാണ് താന്‍ കരുതുന്നതെന്ന് മോദി.
എന്‍ഡിഎ വിജയത്തെ ബ്ലാക്ക് ഔട്ട് ചെയ്യാനാണ് പ്രതിപക്ഷ ശ്രമമെന്നും സത്യം കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാവുന്നില്ലെന്നും മോദി പറഞ്ഞു. നുണ പ്രചരിപ്പിച്ചവര്‍ക്ക് സത്യത്തെ അഭിമുഖീകരിക്കാന്‍ പേടിയാണെന്നും സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിലൂടെ പ്രതിപക്ഷം ഭരണഘടനയെ അപമാനിച്ചെന്നും മോദി പറഞ്ഞു.
ഭരണഘടനയുടെ ഏറ്റവും വലിയ ശത്രു കോണ്‍ഗ്രസാണ്. ഒരു കുടുംബത്തെ സഹായിക്കാന്‍ ഭരണഘടനയെ ദുരുപയോഗം ചെയ്തു. എംപിയായിരിക്കെ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞയാളാണ് രാഹുല്‍. ഇന്ദിരയാണ് ഇന്ത്യയെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഭരണഘടനയെ പുകഴ്ത്തുകയാണെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസിന് രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളോട് വിദ്വേഷമാണെന്നും മോദി പറഞ്ഞു. ബംഗാളിലെ അക്രമങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ അപലപിക്കുന്നില്ല. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ അപലപിക്കുന്നതില്‍ പക്ഷപാതം കാട്ടുവെന്നും മോദി പറഞ്ഞു. നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ പ്രതിപക്ഷ രാഷ്ട്രീയവത്കരിച്ചു. പരീക്ഷാവീഴ്ചയില്‍ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. കുട്ടികളുടെ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു.