മധുരം പകര്‍ന്ന് കോട്ടയം @ 75;
എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷത്തിനു തുടക്കം

കോട്ടയം: ശിങ്കാരിമേളത്തിന്റെ അകമ്പടിയില്‍ കേക്കു മുറിച്ചും മരം നട്ടും കോട്ടയത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷത്തിന് കളക്ട്രേറ്റില്‍ തുടക്കം. കോട്ടയം ജില്ല രൂപീകൃതമായതിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം കളറാക്കി കളക്ട്രേറ്റ് ജീവനക്കാര്‍.

ജില്ലയുടെ ഭൂപടവും ജില്ലയിലെ ഒന്‍പതു നിയമസഭാമണ്ഡലങ്ങളും പലനിറങ്ങളില്‍ അടയാളപ്പെടുത്തിയ കേക്ക് കളക്ട്രേറ്റിന്റ കവാടത്തില്‍ നടന്ന ചടങ്ങില്‍ മുറിച്ചുകൊണ്ടായിരുന്നു ആഘോഷങ്ങള്‍ക്കു തുടക്കമിട്ടത്.

കോട്ടയം @ 75 എഴുതിയ ജില്ലയുടെ ഭൂപടമുള്ള കേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് മിനി എസ്. ദാസ്, ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക്, സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് എന്നിവര്‍ ചേര്‍ന്നു മുറിച്ചു.

തുടര്‍ന്നു ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ ഭൂപടം ആലേഖനം ചെയ്ത കേക്കും മുറിച്ചു.

അതിനുശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സബ് കളക്ടറും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് വളപ്പില്‍ പ്ലാവ് നട്ടു.
1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വര്‍ഷം തികയുന്ന ജൂലൈ ഒന്നുമുതല്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

ഞായറാഴ്ച വൈകിട്ടുമുതല്‍ കളക്ട്രേറ്റിന്റെ പൂമുഖം ദീപാലങ്കൃതമായിരുന്നു. വര്‍ണബലൂണുകള്‍ കൊണ്ട് കളക്ട്രേറ്റ് കവാടം അലങ്കരിക്കുകയും ചെയ്തിരുന്നു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, പ്ലാനിങ് ഓഫീസര്‍ പി.എ. അമാനത്ത് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍, കളക്ട്രേറ്റ് ജീവനക്കാര്‍, ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!