കരുവന്നൂരിലെ ഇഡി നടപടി; സ്ഥലം കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും അനാവശ്യ നടപടി… വിമര്‍ശിച്ച് സിപിഎം

തൃശൂർ : കരുവന്നൂരിലെ ഇഡി നടപടിയിൽ അക്കൗണ്ടുകൾ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സമ്മതിച്ച് സിപിഎം വാർത്താ കുറിപ്പ് ഇറക്കി.

പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും വർഷങ്ങൾ പഴക്കമുള്ള രണ്ട് സ്ഥിര നിക്ഷേപങ്ങളും മരവിപ്പിച്ചെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിറക്കി. ഇഡി നടപടിയിൽ ഇതാദ്യമായാണ് സിപിഎമ്മിൻ്റെ ഭാഗത്ത് നിന്ന് പ്രതികരണം വരുന്നത്.

നേരത്തെ, കാര്യങ്ങൾ അറിയില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ഇഡി നടപടിയെ നിയമപരമായി നേരിടുമെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിൽ പറയുന്നു. കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും ക്രമക്കേട് നടത്തിയ ചിലരെ മാപ്പുസാക്ഷിയാക്കി അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സിപിഎം വിരുദ്ധ രാഷ്ട്രീയം കളിക്കുകയാണ്.

രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടും. സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും നാല് സെൻറ് സ്ഥലം അറ്റാച്ച് ചെയ്തതും അനാവശ്യ നടപടിയാണ്. ഇലക്‌ടറൽ ബോണ്ടിനെതിരെ ശക്തമായ നിലപാടെടുത്തതുകൊണ്ട് സിപിഎമ്മിനെ വേട്ടയാടുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!