ഇംഗ്ലണ്ടിനെ വീഴ്ത്തി; 10 വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും ഫൈനലില്‍

ജോര്‍ജ്ടൗണ്‍ (ഗയാന): ഇംഗ്ലണ്ടിനോട് കഴിഞ്ഞ ലോക കപ്പിലെ കണക്ക് തീര്‍ത്ത് നീലപ്പട. (T20 world cup 2024: India beat England to enter final) ഇംഗ്ലണ്ടിനെ സെമിയില്‍ 68 റണ്‍സിന് വീഴ്ത്തി ഇന്ത്യ പത്തു വര്‍ഷത്തിനുശേഷം ആദ്യമായി ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലില്‍. 2022ലെ സെമിയില്‍ 10 വിക്കറ്റിന് ഇന്ത്യയെ തോല്‍പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നതും പിന്നാലെ കിരീടം നേടിയതും.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സിന് ഓള്‍ ഔട്ടായി. അക്‌സര്‍ പട്ടേലിന്റെയും കുല്‍ദീപ് യാദവിന്റെയും മൂന്നു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അക്‌സര്‍ നാലു ഓവറില്‍ 23 റണ്‍സ് വഴങ്ങിയാണ് മൂന്നു മുന്‍നിര ബാറ്റര്‍മാരെ മടക്കിയത്. കുല്‍ദീപ് നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങിയാണ് മൂന്നു വിക്കറ്റെടുത്തത്. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റും നേടി.

അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നായകന്‍ 39 പന്തില്‍ 57 റണ്‍സ് നേടിയാണ് പുറത്തായത്. രണ്ടു സിക്‌സും നാലു ഫോറുമടങ്ങുന്നതാണ് ഇന്നിങ്‌സ്. സൂപ്പര്‍ എട്ടില്‍ ആസ്‌ട്രേലിയക്കെതിരെ 92 റണ്‍സെടുത്തിരുന്നു. സൂര്യകുമാര്‍ 36 പന്തില്‍ 47 റണ്‍സെടുത്തു. ഇരുവരും മൂന്നാം വിക്കറ്റില്‍ നേടിയ 70 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ പൊരുതാനുള്ള സ്‌കോറിലെത്തിച്ചത്.

മഴമൂലം വൈകിയാണ് മത്സരം തുടങ്ങിയത്. പിച്ചിലെ ഈര്‍പ്പം ഇന്ത്യയുടെ ബാറ്റിങ് ദുഷ്‌കരമാക്കി. സൂപ്പര്‍താരം വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. ഒമ്പത് പന്തുകളില്‍ ഒമ്പതു റണ്‍സെടുത്ത കോഹ്ലിയെ പേസര്‍ റീസ് ടോപ്‌ലി ബോള്‍ഡാക്കി. അധികം വൈകാതെ നാലു റണ്‍സെടുത്ത ഋഷഭ് പന്ത് സാം കറണിന്റെ പന്തില്‍ ജോണി ബെയര്‍‌സ്റ്റോക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇന്ത്യ 5.2 ഓവറില്‍ രണ്ടു വിക്കറ്റിന് 40 റണ്‍സ്.

രോഹിത്തും സൂര്യകുമാറും ക്രീസില്‍ ഒന്നിച്ചതോടെ ടീമിന്റെ സ്‌കോറും കുതിച്ചു. ഇതിനിടെ വീണ്ടും മഴ പെയ്തതോടെ മത്സരം തടസ്സപ്പെട്ടു. മത്സരം പുനരാരംഭിച്ചതോടെ രോഹിത്തും സൂര്യയും ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടത്തി. പിന്നാലെ രോഹിത് ആദില്‍ റാഷിദിന്റെ പന്തില്‍ വമ്പനടിക്ക് ശ്രമിക്കുന്നതിനിടെ ബൗള്‍ഡായി. സൂര്യകുമാറിനെ ആര്‍ച്ചറുടെ പന്തില്‍ ക്രിസ് ജോര്‍ദാന്‍ ക്യാച്ചെടുത്താണ് പുറത്താക്കിയത്. 13 പന്തില്‍ 23 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ ജോര്‍ദാന്റെ പന്തില്‍ സാം കറണിന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ച്ചയായ രണ്ടു സിക്‌സുകള്‍ പറത്തിയശേഷമാണ് പാണ്ഡ്യ പുറത്തായത്. തൊട്ടടുത്ത പന്തില്‍ ശിവം ദുബെയെയും മടക്കി ജോര്‍ദന്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി.

വിക്കറ്റ് കീപ്പര്‍ ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. അക്‌സര്‍ പട്ടേല്‍ ആറു പന്തില്‍ 10 റണ്‍സെടുത്തു. 17 റണ്‍സുമായി രവീന്ദ്ര ജദേജയും ഒരു റണ്ണുമായി അര്‍ഷ്ദീപ് സിങ്ങും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. റീസ് ടോപ്ലി, ആര്‍ച്ചര്‍, കറണ്‍, ആദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!