പാലാ : കൊട്ടാരമറ്റത്തെ ഇന്ത്യൻ ഓയില്‍ കോർപറേഷനില്‍ പമ്പിൽ നിന്ന് ജൂണ്‍ 17 ന് ഡീസല്‍ അടിച്ച വാഹനത്തിലെ ടാങ്കില്‍ വെള്ളം കയറിയതോടെ ഡീസല്‍ മുഴുവൻ ഊറ്റിക്കളഞ്ഞ് ടാങ്ക് വൃത്തിയാക്കി പൂർവ സ്ഥിതിയിലാക്കാൻ ചെലവായത് 9894 രൂപ. ഒരു സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറത്തായ ഈ വിഷയം കേന്ദ്ര പെട്രോളിയം മന്ത്രിയുടെ കാതുകളില്‍ എത്തിയതോടെ 48 മണിക്കൂറിനുള്ളില്‍ ചെലവായ മുഴുവൻ തുകയും പരാതിക്കാരന് തിരികെ കിട്ടി പ്രശ്നത്തിന് പരിഹാരവുമായി. ഇതുമായി ബന്ധപ്പെട്ട തന്റെ അനുഭവസ സാക്ഷ്യം പാലായിലെ സാമൂഹ്യപ്രവർത്തകൻ പങ്കുവെച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
പാലായിലെ സാമൂഹ്യപ്രവർത്തകൻ കൂടിയായ ജെയിംസ് വടക്കനാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട തൻറെ അനുഭവം പുറം ലോകത്തെ അറിയിച്ചത്. അദ്ദേഹത്തിൻറെ മരുമകനാണ് പാലാ കൊട്ടാരമറ്റം ഭാഗത്തുള്ള ഐഒസി പമ്പിൽ നിന്ന് ഇന്ധനം നിറച്ചപ്പോൾ ദുരിതാനുഭവം ഉണ്ടായത്. വിഷയം ചൂണ്ടിക്കാണിച്ചു പ്രാദേശിക ബിജെപി നേതാവ് വഴി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് പരാതി അയച്ചതോടെ 48 മണിക്കൂറിനുള്ളിൽ പ്രശ്നപരിഹാരമായി എന്നാണ് ജെയിംസ് വടക്കൻ വ്യക്തമാക്കുന്നത്.