മൂന്നാറിൽ കനത്ത മഴ ; മണ്ണിടിച്ചിലിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂന്നാർ : മണിക്കൂറുകളോളം പെയ്ത കനത്ത മഴയിൽ മൂന്നാറിൽ പല സ്ഥലങ്ങളിലായി മണ്ണിടിച്ചിലുകൾ ഉണ്ടായി. മൂന്നാർ എംജി കോളനിയിലെ മുസ്ലിം പള്ളിക്ക് പുറകുവശത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മൂന്നാർ കോളനി സ്വദേശി കുമാറിന്റെ ഭാര്യ  മാല കുമാർ (38) ആണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിൽ ഉണ്ടായതിനുശേഷം അരമണിക്കൂറോളം മാല മണിനടിയിൽ കുടുങ്ങിക്കിടന്നു. തുടർന്ന് മൂന്നാർ ഫയർഫോഴ്സും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മാലയെ പുറത്തെടുക്കാൻ ആയത്. ഉടൻതന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോൾ മാല മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ദേവികുളം എസ് സി ഓഫീസിലെ ക്ലർക്കായ കുമാർ ജോലി സ്ഥലത്തായിരുന്നു. മൂന്നു മക്കൾ ഉള്ളതിൽ രണ്ടുപേരും കുളമാവ് നവോദയ സ്കൂളിലെ വിദ്യാർഥികളാണ്. വീട്ടിലുണ്ടായിരുന്ന മകൻ ട്യൂഷന് പോയപ്പോഴായിരുന്നു അപകടം.
കോളനിയിലെ വാട്ടർ ടാങ്കിന് സമീപം മുൻപും മണ്ണിടിച്ചിൽ ഭീഷണി ഉണ്ടായിരുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളെ മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തയ്യാറാക്കിയ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.

ശക്തമായ മഴയും കനത്ത കാറ്റും തുടരുന്നതിനാൽ ഹൈറേഞ്ചിലെ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞും മരം കടപുഴകി വീണു ഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടു. തുടർച്ചയായി മൂന്നാം ദിവസവും കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായെങ്കിലും അടിമാലി ഫയർഫോഴ്സും പ്രദേശവാസികളും മരം വെട്ടി മാറ്റി. കനത്ത മഴയെ തുടർന്ന് ജില്ലയിലെ രാത്രികാല യാത്രയ്ക്കും കളക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!