കോട്ടയം : തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന് കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ചാഴികാടൻ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. പാലായില്‍ നടന്ന നവ കേരള സദസ്സിലെ ശകാരം അടക്കം തിരിച്ചടിയായി. സി പി എം വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് ലഭിക്കാതെ പോയതും അന്വേഷിക്കണമെന്നും ആവശ്യം ഉന്നയിച്ചു.
എന്നാൽ ചാഴിക്കാടന്റെ വികാരം ഏറ്റെടുക്കാതെ തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലന്നാണ് ജോസ് കെ മാണി അടക്കമുള്ളവർ യോഗത്തില്‍ പറഞ്ഞത്. സിപിഎം വോട്ടുകളിലെ ചോർച്ച സംബന്ധിച്ചും ജോസ് കെ മാണി മൗനം പാലിച്ചു. തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ഉള്ളതുപോലെ പരാജയങ്ങളിലും കൂട്ടുത്തരവാദിത്വമാണ് മുന്നണിയിലെ ഘടകകക്ഷികള്‍ക്കുള്ളത് എന്ന നിലപാടാണ് ജോസ് സ്വീകരിച്ചത്.
പ്രതിസന്ധിഘട്ടത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണ നൽകുന്ന നേതാവായി ഇടതുമുന്നണിയിൽ ജോസ് കെ മാണി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് സ്വന്തം തട്ടകത്തിൽ ദയനീയമായ പരാജയം കേരള കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഉണ്ടായിട്ടും സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് ത്യാഗം ചെയ്ത് അത് ജോസ് കെ മാണിക്ക് വിട്ടു നൽകാൻ പിണറായി മുൻകൈയെടുത്തത്. ഈ ഉദ്ദിഷ്ടകാര്യ പ്രാപ്തിക്കുള്ള ഉപകാരസ്മരണ ജോസ് കെ മാണി നിലനിർത്തുമ്പോൾ ചാഴികാടിന്റെ ആകുലതകൾക്ക് സ്വന്തം പാർട്ടി ചെവി കൊടുക്കില്ല എന്ന് ഉറപ്പാണ്.
