റോം : യന്ത്രത്തില്‍പ്പെട്ട് കൈമുറിഞ്ഞ ഇന്ത്യന്‍ കര്‍ഷക തൊഴിലാളി ഇറ്റലിയില്‍ വൈദ്യസഹായം ലഭിക്കാതെ മരിച്ചു. ഇന്ത്യക്കാരനായ സത്‌നാം സിങാണ് മരിച്ചത്. 31 കാരനായ സത്നാം സിങ് റോമിന് സമീപം ലാസിയോയിലെ പച്ചക്കറി തോട്ടത്തിലെ കര്‍ഷകനായിരുന്നു. ഇവിടുത്തെ പഴങ്ങളും പച്ചക്കറികളും അരിയുന്ന കൂറ്റന്‍ യന്ത്രത്തിനുള്ളില്‍ അകപ്പെട്ട് കൈ അറ്റ് സാരമായി പരിക്കേല്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സത്നാം സിങ്ങിനെ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നല്‍കാതെ തൊഴിലുടമ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പഞ്ചാബ് സ്വദേശിയാണ് മരിച്ച സത്നാം സിങ്. പരിക്കേറ്റ തൊഴിലാളിയെ ഫാം ഉടമ അന്റോണെല്ലോ ലോവാട്ടോയും ഭാര്യയും ചേര്‍ന്ന് വാനില്‍ കയറ്റി കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമീപവാസിയായ ഒരാളാണ് പരിക്കേറ്റ യുവാവിനെ കണ്ട് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ വെച്ച് സത്നാം സിങ് മരിച്ചു. വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് റോമിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചു. യുവാവിന്റെ വീട്ടുകാരെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്നും, കഴിയുന്ന സഹായങ്ങള്‍ ചെയ്യുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
പരിക്കേറ്റ തൊഴിലാളിക്ക് വൈദ്യസഹായം നല്‍കാതെ തൊഴിലുടമ കടന്നുകളഞ്ഞ സംഭവത്തെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അപലപിച്ചു. മനുഷ്യത്വ രഹിതവും പ്രാകൃതവുമായ നടപടിയാണിത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇറ്റലി പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തില്‍ തൊഴിലുടമ അന്റോണെല്ലോ ലോവാട്ടോക്കെതിരെ ഇറ്റാലിയന്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.