ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണം എന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ ജാഗ്രത ശക്തമാക്കി. പശ്ചിമബംഗാളിൽ നാലുവയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ രംഗത്തെത്തിയത്.
2019 ലാണ് ആദ്യമായി രാജ്യത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. പശ്ചിമബംഗാളിലെ പുതിയ കേസ് ഉൾപ്പെടെ ഇതുവരെ രാജ്യത്തെ രണ്ടു കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എച്ച് 5 എൻ 2 വൈറസ് ആണ് ആലപ്പുഴയിൽ സ്ഥിരീകരിച്ചത്. ബംഗാളിലെ കുട്ടിയിൽ എച്ച് 9 എൻ 2 വൈറസ് ആണ് കണ്ടെത്തിയത്. സാധാരണ ഈ രണ്ടു വൈറസുകളും മനുഷ്യരിലേക്ക് അപൂർവമായി മാത്രമേ പകരാറുള്ളൂ. എന്നാൽ ജനിതക വ്യതിയാനം സംഭവിച്ചാൽ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത ഏറെയാണ്. അതിനാലാണ് ജാഗ്രത ശക്തമാക്കിയത് എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
