ഇടുക്കി : വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്ക്ക് ഭീമമായ വൈദ്യുതി ബില്ല് നൽകിയ സംഭവത്തിൽ ഒടുവിൽ നീതി. 21 ദിവസം ഇരുട്ടിൽ കിടത്തിയ ശേഷം വാഗമൺ വട്ടപ്പതാലിലെ അന്നമ്മയുടെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി പുനസ്ഥാപിച്ചു നൽകി.
ഒറ്റമുറി വീടിനു ലഭിച്ച ഭീമമായ കറന്‍റ് ബില്ല് അടക്കാതെ വന്നതിനെ തുടർന്നാണ് അന്നമ്മയുടെ വീട്ടിലെ കറന്‍റ് കണക്ഷൻ വിച്ഛേദിച്ചത്.ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധിക അന്നമ്മയ്ക്കാണ് 50000 രൂപയുടെ വൈദ്യുതി ബില്ല് നൽകി കെ എസ് ഇ ബി ഞെട്ടിച്ചത്. തുടർന്ന് അന്വേഷണം നടത്താൻ വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശിച്ചിരുന്നു. വൈദ്യുതി കട്ട് ചെയ്ത് മൂന്നാഴ്ചക്ക് ശേഷം ഒടുവിൽ അന്നമ്മ മനസ്സു തുറന്ന് ചിരിച്ചു. ഇനി ഇഴജന്തുക്കളെ പേടിക്കാതെ സ്വസ്ഥമായി കൊച്ചു മകനൊപ്പം അന്തിയുറങ്ങാം. ടിവിയിൽ വാർത്തയും കാണാമെന്ന് അന്നമ്മ പറയുന്നു.
വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചതിനെ തുടന്ന് കൂലിപ്പണിയെടുത്താണ് അന്നമ്മ ജീവിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതോടെ പണിയെടുക്കാനും വയ്യാതായി. മുൻപ് പരമാവധി 400 രൂപയാണ് വൈദ്യുതി ബിൽ ലഭിച്ചിരുന്നത്. ഇത് കൃത്യമായി അടക്കുന്നുമുണ്ടായിരുന്നു. കഴിഞ്ഞ മാസം പതിനഞ്ചിനാണ് 49713 രൂപയുടെ കറന്‍റ് ബില്ല് അന്നമ്മക്ക് കിട്ടിയത്. മൂന്ന് ബൾബുകളും വല്ലപ്പോഴും മാത്രം ഓൺ ചെയ്യുന്ന ഫ്രിഡ്ജും ടിവിയുമുള്ള വീടിനാണ് ഈ ബില്ല് വന്നത്.
പരിശോധനയിൽ മീറ്റർ റീഡിംഗ് യഥാസമയം രേഖപ്പെടുത്താത്തതാണ് കൂടിയ ബില്ല് വരാൻ കാരണമെന്ന് കണ്ടെത്തി. എന്നിട്ടും ഉപയോഗിച്ചതായി മീറ്ററിൽ രേഖപ്പെടുത്തിയതിനാൽ തുക അൻപത് ഗഡുക്കളായി അടക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ വാശി. ഇഎൽസിബി അടക്കമുള്ള സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. മീറ്റർ റീഡിംഗ് എടുക്കേണ്ട ഉദ്യോഗസ്ഥന്‍റെ പിഴവ് മൂലം വന്ന ഭീമമായ തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബിയുടെ ഉപഭോക്തൃ തകർക്ക പരിഹാര ഫോറത്തിൽ പരാതിയും നൽകി. ഇതിന്റെ വിധി വന്നതിന് ശേഷം ബാക്കി തുക അടച്ചാൻ മതിയെന്നാണ് കെഎസിഇബി അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.
