ഉടന്‍ ഡല്‍ഹിയിലെത്താന്‍ സുരേഷ് ഗോപിക്ക് നിര്‍ദേശം; മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍: ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ എത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി  ആവശ്യപ്പെട്ടതായി തൃശൂര്‍ എംപി സുരേഷ് ഗോപി. വൈകീട്ട് ആറ് മണിക്ക് മുന്‍പായാണ് എത്താന്‍ പറഞ്ഞത്.

എന്നാല്‍ തനിക്ക് ലഭ്യമായ വിമാനം അവിടെ 6.55നാണ് എത്തുകയെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് തന്റെ നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും അവര്‍ പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയില്‍ നിന്ന് മൂന്ന് മണിക്ക് സുരേഷ് ഗോപി ഡല്‍ഹിക്ക് തിരിക്കും. കേരളത്തില്‍ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന ബിജെപി നേതാക്കളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും.

കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോക്‌നാഥ് ബഹ്‌റയുമായി സംസാരിക്കുന്ന കാര്യമാണ്. അതിന് മുന്‍പ് മുഹമ്മദ് ഹനീഷുമായി സംസാരിച്ചിരുന്നു. അതുകൊണ്ടാണ് അന്ന് അദ്ദേഹം തന്നെ അമ്പാസിഡറാക്കാന്‍ നോക്കിയത്. അപ്പോ, ഇവിടുത്തെ ചില ആള്‍ക്കാര്‍ അത് ചാണകമാകുമെന്ന് പറഞ്ഞു. ഇനി ഇപ്പോ പാര്‍ലമെന്റില്‍ അവര്‍ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പരിഹസിച്ചു. ഡല്‍ഹിയിലേക്ക് പോകുന്നതിന് മുന്‍പായി തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ പുതിയ മാറ്റം കൊണ്ടുവരും. കമ്മീഷണറെയും കലക്ടറേയും ഒരുതരത്തിലും മാറ്റന്‍ നിങ്ങള്‍ അനുവദിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരനടത്തിപ്പിലെ മാറ്റം സംബന്ധിച്ച ഇന്നലെ കലക്ടറുമായി സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരുകാര്‍ എന്നെ തെരഞ്ഞെടുത്താല്‍ തൃശൂരില്‍ ഒതുങ്ങി നില്‍ക്കില്ലെന്ന് താന്‍ നേരത്തെ പറഞ്ഞതാണ്. കേരളത്തിന് വേണ്ടിയും തമിഴ്‌നാടിന് വേണ്ടിയുമുള്ള എംപിയായി താന്‍ പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കര്‍ണാടകയില്‍ അതിന്റെ ആവശ്യമില്ല. അവിടെ തന്നെക്കാള്‍ നല്ല ആണ്‍കുട്ടികള്‍ ഉണ്ട്. കോണ്‍ഗ്രസിലെയും സിപിഐയിലെയും സിപിഎമ്മിലെയും മനുഷ്യരാണ് തനിക്ക് വോട്ട് ചെയ്തത്. എസ്ഡിപിഐയിലെയും മനുഷ്യര്‍ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. കപടതയില്ലാത്ത മതേതരവാദികളാണ് തന്നെ ജയിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!