മൂന്നാമതും എന്‍ഡിഎ; എക്‌സിറ്റ്‌പോള്‍ ഫലം

ന്യൂഡല്‍ഹി: മൂന്നാം തവണയും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎ സഖ്യത്തിന് 359 സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 154 സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍30 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡെ ഏക്‌സിസ് സര്‍വെ പറയുന്നു.

എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ പറയുന്നു. 353 മുതല്‍ 368 സീറ്റുകള്‍ വരെ എന്‍ഡിഎക്ക് ലഭിക്കുമെന്നും പറയുന്നു. സീ പോള്‍ സര്‍വെ പ്രകാരം 367 സീറ്റുകള്‍ വരെ എന്‍ഡിഎയ്ക്കും ഇന്ത്യാ സഖ്യത്തിന് 133 സീറ്റുകളും മറ്റുള്ളവര്‍ക്ക് 72 സീറ്റുകളുമാണ് പറയുന്നത്‌.

ഇന്ത്യാ ടുഡേ – ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ‌ സർവേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്നാട്ടിൽ 26 മുതൽ 30 സീറ്റ് വരെയും എൻഡിഎയ്ക്ക് 1 മുതൽ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവർക്ക് 6 മുതൽ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.

ജൂണ്‍ നാലിന് വോട്ടെണ്ണലിലൂടെ യഥാര്‍ത്ഥ ഫലം പുറത്തുവരുമെങ്കിലും അതുവരെയുള്ള ദിനങ്ങളില്‍ ഈ എക്‌സിറ്റ് പോളുകളായിരിക്കും പാര്‍ട്ടികള്‍ക്ക് പ്രതീക്ഷയോ ആശങ്കയോ ആയി തുടരുക. എന്നാല്‍, എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമായതും പ്രവചനങ്ങള്‍ പൂര്‍ണമായും തെറ്റിയതുമായ ചരിത്രങ്ങളുണ്ട്. ഇത്തവണ ചാനലുകളിലെ എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഇരുമുന്നണികളും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. ഇത്തവണയും അധികാരം നേടുമെന്ന് എന്‍ഡിഎയും അട്ടിമറി നടക്കുമെന്ന് ഇന്ത്യാസഖ്യവും പറയുന്നു. ദക്ഷിണേന്ത്യയിലാണ് ഇന്ത്യാമുന്നണിയുടെ പ്രതീക്ഷയെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ തങ്ങള്‍ ആധിപത്യം തുടരുമെന്നും ദക്ഷിണേന്ത്യയില്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന് എന്‍ഡിഎ അവകാശപ്പെടുന്നു. ബിജെപിയുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുന്നൂറിലധികം മണ്ഡലങ്ങളില്‍ നേരിട്ടെത്തിയെങ്കില്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യാമുന്നണിയിലെ കക്ഷികളുടെയും നേതാക്കളില്‍ മിക്കവാറും പ്രചാരണത്തില്‍ സജീവമായിരുന്നു

ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ നടന്ന 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം മെയ് 23-നാണ് പുറത്തുവന്നത്. പ്രധാനപ്പെട്ട ഏജന്‍സികളെല്ലാം നടത്തിയ എക്സിറ്റ് പോളുകള്‍ എന്‍ഡിഎയുടെ വിജയം സുനിശ്ചിതമെന്ന് പ്രവചിച്ചിരുന്നു. 13 ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങളുടെ ശരാശരി കണക്കെടുക്കുമ്പോള്‍ എന്‍ഡിഎ സഖ്യത്തിന് 306 സീറ്റുകളും യുപിഎയ്ക്ക് 120 സീറ്റുകളുമായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍, എക്സിറ്റിപോള്‍ പ്രവചനങ്ങള്‍ക്കും മുകളിലായിരുന്നു എന്‍ഡിഎക്കുണ്ടായ വിജയം. 303 സീറ്റുകള്‍ ബിജെപി മാത്രം നേടി എന്‍ഡിഎ 352 സീറ്റുകള്‍ സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!