‘വെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടയ്ക്കണം, പരാതിപ്പെടരുത്’; വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അറസ്റ്റ് വാറന്റ്

കൊച്ചി: കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയില്‍ നിന്നും എഴുതി വാങ്ങിയ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അറസ്റ്റ് വാറന്റ്. നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്നും വീട്ടമ്മയ്ക്ക് 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്നുമുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് സെക്ഷന്‍ 72 പ്രകാരം, ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ വാട്ടര്‍ അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ തൃപ്പൂണിത്തുറ എസ്എച്ച്ഒ ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. എറണാകുളം മരട് സ്വദേശി ഡോ മറിയാമ്മ അനില്‍ കുമാര്‍ സമര്‍പ്പിച്ച എക്‌സിക്യൂഷന്‍ പെറ്റിഷനില്‍ ആണ് ഉത്തരവ്.

ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ 2018 മെയ് മാസത്തിലാണ് പരാതിക്കാരി എടുത്തത്. അന്നുമുതല്‍ ജനുവരി 2019 വാട്ടര്‍ചാര്‍ജ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വെള്ളം മാത്രം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് പരാതിക്കാരി പല പ്രാവശ്യം വാട്ടര്‍ അതോറിറ്റിയുടെ ഓഫീസുകളില്‍ കയറി ഇറങ്ങി. വെള്ളം ലഭിച്ചില്ലെങ്കിലും യാതൊരുവിധ പരാതിയും ഉന്നയിക്കില്ലെന്ന് പരാതിക്കാരി തന്നെ എഴുതി നല്‍കിയിട്ടുണ്ട് എന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്. വാട്ടര്‍ അതോറിറ്റിയുടെ മെയിന്‍ ഡിസ്ട്രിബൂഷന്‍ ലൈനിന്റെ അവസാന ഭാഗത്ത് വരുന്നതിനാല്‍ പരാതിക്കാരിയും അയല്‍ക്കാരും ഏറെ ജലദൗര്‍ലഭ്യം അനുഭവിക്കുന്നുവെന്നും വാട്ടര്‍ അതോറിറ്റി ബോധിപ്പിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 50 മുതല്‍ 100 ലിറ്റര്‍ വെള്ളം വരെയാണ് ഒരാളുടെ പ്രതിദിന ജല ഉപഭോഗം. എന്നാല്‍ 2018 മെയ് മാസം മുതല്‍ 2019 ജനുവരി വരെയുള്ള എട്ടുമാസം വെറും 26 യൂണിറ്റ് വെള്ളമാണ് വാട്ടര്‍ അതോറിറ്റി പരാതിക്കാരിക്ക് നല്‍കിയത്. പൈപ്പില്‍ നിന്ന് വെള്ളം കിട്ടുന്നില്ലെങ്കിലും മിനിമം വാട്ടര്‍ ചാര്‍ജ് നല്‍കണമെന്നും വെള്ളം കിട്ടാതിരുന്നാല്‍ അതിനെ സംബന്ധിച്ച് വാട്ടര്‍ അതോറിറ്റിക്കെതിരെ യാതൊരുവിധ പരാതിയും താന്‍ നല്‍കുന്നതല്ലെന്നും പ്രത്യേകമായ ഒരു ഉറപ്പ് വാട്ടര്‍ അതോറിറ്റി കണക്ഷന്‍ നല്‍കുന്ന വേളയില്‍ എഴുതി വാങ്ങിയിരുന്നു. കുടിവെള്ളം ലഭിക്കുക എന്നത് ഭരണഘടനയിലെ 21 അനുച്ഛേദപ്രകാരം ജീവിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. അഡ്വ ജോര്‍ജ് ചെറിയാന്‍ പരാതിക്കാരിക്കുവേണ്ടി കോടതിയില്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!