കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ കേരളത്തില്‍ ശത്രുസംഹാര യാഗവും മൃഗബലിയും നടത്തി: ഡി കെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ കേരളത്തില്‍ ശത്രുസംഹാര യാഗവും മൃഗബലിയും നടത്തിയെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ടാണ് ഇതു നടന്നത്. ഇതിന്റെ ഭാഗമായി 21 ആടുകള്‍, പോത്തുകള്‍ പന്നികള്‍ എന്നിവയെയൊക്കെ ബലി നല്‍കി. ആരാണ് ഇത് ചെയ്യിപ്പിച്ചതെന്ന് അറിയാമെന്നും, എന്നാല്‍ ഇതൊന്നും തന്നെ ഏല്‍ക്കില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

തളിപ്പറമ്പിലെ രാജ രാജേശ്വരി ക്ഷേത്രത്തിലാണ് ശത്രു ഭൈരവി യാഗം നടത്തിയത്. ശത്രുക്കളെ ഇല്ലാതാക്കാന്‍ പഞ്ചബലിയും നടത്തി. ഇതിലാണ് ആടും പോത്തും ഉള്‍പ്പെടെ വ്യത്യസ്ത മൃഗങ്ങളെ ബലി നല്‍കിയത്. പൂജകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു. പൂജകളില്‍ പങ്കെടുക്കുന്ന ആളുകളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടകയില്‍ നിന്നുള്ള ആളുകളാണ് പൂജകള്‍ നടത്തിയത്. അത് അവരുടെ വിശ്വാസമാണ്. അത് അവര്‍ക്ക് വിട്ടുനല്‍കുന്നു. അവര്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യട്ടെ. ഞാന്‍ വിശ്വസിക്കുന്ന ദൈവം ശക്തനാണ്. ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ പൂജകള്‍ നടത്തിയത് ആരാണെന്ന് വെളിപ്പെടുത്താന്‍ ശിവകുമാര്‍ തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!