മുംബൈ: ഇത്തവണത്തെ ഐപിഎല്‍ സീസണിലെ തങ്ങളുടെ അവസാന മത്സരവും തോറ്റ് മുംബൈ ഇന്ത്യന്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 18 റണ്‍സിനാണ് മുംബൈ തോറ്റത്. ലഖ്‌നൗ ഉയര്‍ത്തിയ 215 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
സീസണിലെ മുംബൈയുടെ 10ാം തോല്‍വിയാണിത്. 14 കളികളില്‍ നിന്ന് 14 പോയന്റ് നേടി ആറാം സ്ഥാനത്തെത്തിയ ലഖ്‌നൗ പ്ലേ ഓഫ് കാണാതെ പുറത്തായി. നാല് മത്സരങ്ങളില്‍ മാത്രം ജയവും എട്ടു പോയിന്റുമായി അവസാന സ്ഥാനക്കാരായാണ് മുംബൈയുടെ സീസണ്‍ അവസാനിച്ചത്.
തുടക്കം മികച്ചതായിരുന്നുവെങ്കിലും പിന്നീട് കരകയറാന്‍ മുംബൈക്ക് കഴിഞ്ഞില്ല. 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 10 ഫോറുമുള്‍പ്പെടെ 68 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസിനെ കൂട്ടുപിടിച്ച് രോഹിത് ഓപ്പണിങ് വിക്കറ്റില്‍ 88 റണ്‍സെടുത്തു. പിന്നീട് വന്നവര്‍ക്കൊന്നും ടീമിനെ കരയകറ്റാനായില്ല. ഏഴാമത് ഇറങ്ങിയ നമന്‍ ധീര്‍ മുംബൈയുടെ തോല്‍വി ഭാരം അല്‍പ്പം കുറച്ചു. വെറും 28 പന്തുകള്‍ നേരിട്ട നമന്‍ അഞ്ചു സിക്‌സും നാല് ഫോറുമടക്കം 62 റണ്‍സോടെ പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് (0), നേഹല്‍ വധേര (1) എന്നിവര്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത് മടങ്ങി. ഇഷാന്‍ കിഷന്‍ 14 റണ്‍സെടുത്തു.
ലഖ്‌നൗവിനായി രവി ബിഷ്‌ണോയിയും നവീന്‍ ഉള്‍ ഹഖും രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിക്കോളാസ് പുരന്റെയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെയും അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. അഞ്ചാമത് ഇറങ്ങി 29 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറുമടക്കം 75 റണ്‍സെടുത്ത നിക്കോളാസ് പുരനാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍.
41 പന്തുകള്‍ നേരിട്ട രാഹുല്‍ മൂന്ന് സിക്‌സും മൂന്ന് ഫോറുമായി 55 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 109 റണ്‍സാണ് ലഖ്‌നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
22 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത മാര്‍ക്കസ് സ്‌റ്റോയ്‌നിസും 10 പന്തില്‍ നിന്ന് പുറത്താകാതെ 22 റണ്‍സെടുത്ത ആയുഷ് ബധോനിയും ഭേദപ്പെട്ട സംഭാവന നല്‍കി. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി ദേവ്ദത്ത് പടിക്കല്‍ (0) വീണ്ടും നിരാശപ്പെടുത്തി. ദീപക് ഹൂഡ (11), അര്‍ഷദ് ഖാന്‍ (0) എന്നിവരും പുറത്തായി. ക്രുണാല്‍ പാണ്ഡ്യ 12 റണ്‍സോടെ പുറത്താകാതെ നിന്നു. മുംബൈക്കായി നുവാന്‍ തുഷാരയും പിയുഷ് ചൗളയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.