തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി പൊലീസ്. 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 243 പേർ അറസ്റ്റിലായി. 53 പേരെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയും അഞ്ചു പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
ഗുണ്ടാ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സോണല്‍ ഐ.ജിമാര്‍ക്കും റെയിഞ്ച് ഡി.ഐ.ജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് ഡിജിപി നിർദ്ദേശം നൽകി. ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന കേസുകളിലും സെന്‍സേഷണല്‍ കേസുകളിലും കൂടുതൽ ശ്രദ്ധകൊടുക്കണം. സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും മയക്കുമരുന്ന് വില്‍ക്കുന്നവര്‍ക്കും അവ ഉപയോഗിക്കുന്നവര്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കും. സംശയകരമായ ഇടപെടല്‍ നടത്തുന്നവരുടെ സൈബര്‍ ഇടങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍ ആയിരിക്കും. സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്താനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.
