ന്യൂഡല്‍ഹി: മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400 സീറ്റ് ലഭിക്കേണ്ടതുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബിജെപിക്ക് 300 സീറ്റ് ലഭിച്ചപ്പോള്‍ അയോധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിച്ചു. മഥുരയിലെ കൃഷ്ണ ജന്മഭൂമിയിലും വാരാണസിയിലെ ഗ്യാന്‍വാപി മോസ്‌കിലും ക്ഷേത്രം നിര്‍മ്മിക്കാന്‍ ബിജെപിക്ക് 400 സീറ്റ് ലഭിക്കേണ്ടതുണ്ട്. ഹിമന്ത വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ പാക് അധിന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കി മാറ്റുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലത്ത് പാക് അധീന കശ്മീരിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഒരു കശ്മീര്‍ ഇന്ത്യയിലും മറ്റൊന്ന് പാക്കിസ്ഥാനിലുമാണ് എന്നാണ് പറഞ്ഞിരുന്നത്.
പാകിസ്ഥാന്‍ കയ്യടക്കിവെച്ച കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ആ കശ്മീര്‍ യഥാര്‍ത്ഥത്തില്‍ നമ്മുടേതാണ്. ഇപ്പോള്‍, പാക് അധീന കശ്മീരില്‍ എല്ലാ ദിവസവും പ്രക്ഷോഭം നടക്കുകയാണ്. ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക കയ്യിലേന്തിയാണ് ആളുകള്‍ പാകിസ്ഥാനെതിരെ പ്രതിഷേധിക്കുന്നത്. മോദിക്ക് 400 സീറ്റ് കിട്ടിയാല്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും. ഹിമന്ത ബിശ്വ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
സംവരണത്തിന് കൂടുതല്‍ ശക്തി പകരാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദി തന്നെ ഒബിസി വിഭാഗത്തില്‍പ്പെട്ടയാളാണ്. 10 വര്‍ഷമായി ബിജെപി അധികാരത്തിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ സംവരണ സമുദായങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനാണ് ശ്രമിക്കുന്നത്.
അതേസമയം, എസ്സി, എസ്ടി, ഒബിസി സംവരണം അവസാനിപ്പിക്കാനും മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കാനുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അതിന്റെ തുടക്കമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ ആരോപിച്ചു.
