വിമാന ജീവനക്കാരുടെ സമരം മൂലം ഭാര്യയുടെ യാത്ര മുടങ്ങി; കുടുംബത്തെ അവസാനമായി കാണാനാവാതെ ഒമാനിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കിയത് കാരണം യാത്ര മുടങ്ങിയതിനാൽ ഭാര്യയെ അവസാനമായി കാണാനാവാതെ ഒമാനിൽ മലയാളി യുവാവ് മരിച്ചു.

കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

ഭർത്താവിന് സുഖമില്ലെന്നും ആശുപത്രിയിലാണെന്നുമുള്ള വിവരം അറിഞ്ഞതിന് പിന്നാലെ എട്ടാം തീയതി എയർ ഇന്ത്യ എക്സപ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഭാര്യ അമൃത സി രവി, വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. അടിയന്തര സാഹചര്യമാണെന്നും മസ്കത്തിൽ എത്തണമെന്ന് പറഞ്ഞിട്ടും ആരും ഗൗരവത്തില്‍ എടുത്തില്ല. പകരം അടുത്ത ദിവസം ടിക്കറ്റ് തരാമന്നായിരുന്നു പറഞ്ഞത്. പിന്നാലെ 9നൂ ടിക്കറ്റ് കിട്ടുമോയെന്നറിയാൻ അമൃത വിമാനത്താവളത്തിൽ എത്തി. എന്നാൽ സമരം തുടരുകയായിരുന്നു. വിമാന സർവീസ് ആരംഭിച്ചിരുന്നില്ല, അതിന് പിന്നാലെ അമൃതയ്ക്ക് യാത്ര റദ്ദാക്കേണ്ടിവന്നു.

ഇതോടെ ഭർത്താവിനെ അവസാനമായി കാണാന്‍ സാധിക്കാതെയായി. ഇതിന്‍റെ ദുഃഖത്തിലാണ് അമൃതയും കുടുംബവും. മക്കള്‍ അനിക, നമ്പി ശൈലേഷ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നീക്കം നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!