പോളണ്ടില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം

തൃശൂർ : പോളണ്ടില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. തൃശ്ശൂർ പെരിങ്ങോട്ടുകര സ്വദേശി ആഷിക് രഘുവാണ് കഴിഞ്ഞമാസം ഈസ്റ്റർ പാർട്ടിക്ക് പിന്നാലെ മരിച്ച നിലയില്‍ കാണപ്പെട്ടത്.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിനും പൊലീസിനും പരാതി നല്‍കി. പോളണ്ട് തലസ്ഥാനമായ വാർസ്വായില്‍ ഫുഡ് ഡെലിവറി ബോയ് ആയിരുന്നു ആഷിക്. ഏപ്രില്‍ ഒന്നിനാണ് ഈസ്റ്റർ പാർട്ടിക്ക് ശേഷം മുറിയില്‍ എത്തിയ 23 കാരനെ മരിച്ച നിലയില്‍ കണ്ടത്.

മകന്റെ മരണത്തെക്കുറിച്ച്‌ സുഹൃത്തുക്കളും പോളണ്ടിലെ അധികൃതരും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് ആഷിക്കിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു. മകന് എന്താണ് സംഭവിച്ചതെന്ന് അറിയണം, അതിന് നീതിയുക്തമായ അന്വേഷണം വേണം. പെട്ടന്ന് ഒരു ദിവസം മരിച്ചെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ലെന്ന് ആഷികിന്‍റെ അമ്മ ബിന്ദു പറഞ്ഞു.

എന്തുകൊണ്ട് പോളണ്ട് ഗവണ്‍മെന്‍റ് മകന്‍റെ ബോഡി പോസ്റ്റുമോർട്ടം ചെയ്തില്ലെന്ന് പിതാവ് എകെ അഭിലാഷ് ചോദിക്കുന്നു. മകന്‍റെ മരണ കാരണം അവ്യക്തമാണെന്നാണ് പോളണ്ട് പൊലീസിന്‍റെ റിപ്പോർട്ടില്‍ പറയുന്നത്. ഈസ്റ്റർ പാർട്ടിയില്‍ മകനോടൊപ്പം പങ്കെടുത്തവർ പറയുന്നത് കള്ളമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അച്ഛൻ പറഞ്ഞു.

മൃതദേഹം നാട്ടിലെത്തിച്ച്‌ തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തില്‍ തലയ്ക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തില്‍ അഞ്ചിടങ്ങളില്‍ മുറിവുകള്‍ ഉള്ളതായും വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ആഷിക്കിന്‍റെ മരണത്തിലെ സത്യം പുറത്തുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!