കൊച്ചി: എറണാകുളം പനമ്പിള്ളി നഗറില്‍ നവജാതശിശുവിനെ നടുറോഡില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സമീപത്തെ ഫ്ലാറ്റിലെ ശുചിമുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തി. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫ്ലാറ്റിലെ താമസക്കാരായ ഒരു പുരുഷനും രണ്ട് സ്തീകളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ കുഞ്ഞിനെയാണ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. ആണ്‍കുഞ്ഞാണ് മരിച്ചത്.
പാഴ്സല്‍ കവറില്‍ പൊതിഞ്ഞാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഈ കവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഫൈവ് സി 1 എന്ന് അപ്പാര്‍ട്ട്‌മെന്റിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഈ ഫ്ലാറ്റില്‍ എറണാകുളം സ്വദേശികളാണ് താമസിച്ചിരുന്നതെന്നാണ് വിവരം.
പൊലീസ് കസ്റ്റഡിയിലെടുത്തവരില്‍ അമ്മയും മകളും ഉള്‍പ്പെടുന്നുവെന്നാണ് സൂചന. മകള്‍ ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗര്‍ഭിണി അവിടെ താമസിച്ചിരുന്നതായി വിവരം അറിയില്ലെന്ന് ആശാവര്‍ക്കര്‍ സൂചിപ്പിച്ചിരുന്നു.
കൊച്ചിയെ നടുക്കി ഇന്നു രാവിലെ ഏട്ടേകാലോടെയാണ് പനമ്പള്ളിനഗറിലെ ഫ്ലാറ്റിന് സമീപത്ത് റോഡില്‍ ഒരു കെട്ടുകിടക്കുന്നത് കണ്ടത്. ആരെങ്കിലും സഞ്ചിയിലാക്കി മാലിന്യം ഉപേക്ഷിച്ചതാവാമെന്നായിരുന്നു ആദ്യം കരുതിയത്. ആളുകൾ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് ചോരയില്‍ കുളിച്ച് ഒരു ദിവസംപോലും പ്രായമാവാകാത്ത കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസ്സിലായത്. സിസിടിവി ദൃശ്യങ്ങളിൽ സമീപത്തെ ഫ്ലാറ്റിൽ നിന്നും പൊതിക്കെട്ട് റോഡിലേക്ക് െറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.