അസിഡ് ഒഴിച്ച ആല്‍മരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വെള്ളമൊഴിക്കുന്നു
ചങ്ങനാശ്ശേരി: കടുത്ത വേനലില്‍ നാടൊന്നാക വെന്തരിയുമ്പോള്‍ തണലേകിവന്ന ആല്‍മരത്തെ ഉന്മൂലനം ചെയ്യാന്‍ സാമൂഹ്യവിരുദ്ധ ശ്രമം. ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപം ജനറല്‍ ആശുപത്രി റോഡരികില്‍ നില്‍ക്കുന്ന ആല്‍മരമാണ് ആസിഡ് ഒഴിച്ച് നശിപ്പിക്കാന്‍ സാമൂഹ്യവിരുദ്ധര്‍ കഴിഞ്ഞരാത്രി ശ്രമിച്ചത്.
നഗര ഹൃദയത്തില്‍ രണ്ടര പതിറ്റാണ്ടിലേറെയായി നില്‍ക്കുന്ന ആല്‍മരമാണിത്. ഇതിനോട് ചേര്‍ന്ന് തണല്‍ മരങ്ങളായി ബദാമും കണിക്കൊന്നയും ഉണ്ട്. ഈ മരങ്ങള്‍ നശിപ്പിക്കാന്‍ മുമ്പ് ശ്രമം ഉണ്ടായപ്പോള്‍ ഇവിടുത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് അത് തടഞ്ഞത്.
വഴിയോരങ്ങളില്‍ തണല്‍മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഫോറസ്റ്റ് വകുപ്പിന്റ അനുമതിയോടെ 28 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചങ്ങനാശ്ശേരി യിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇവിടെ മരങ്ങള്‍ വെച്ച് പിടിപ്പിച്ചത്.
വര്‍ഷങ്ങളായി ഈ മരങ്ങള്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ സംരക്ഷിച്ചു വരികയായിരുന്നു.
ബുധനാഴ്ച രാത്രിയിലാണ് ആല്‍മരത്തിന്റെ ചുവട്ടില്‍ വലിയ തോതില്‍ ആസിഡ് ഒഴിച്ച് മരങ്ങള്‍ നശിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ഡ്രൈവര്‍മാര്‍ മരത്തിന് ചുവട്ടില്‍ ആസിഡ് ഒഴിച്ചത് കണ്ടത്.
തുടര്‍ന്ന് വാഹനത്തില്‍ വെള്ളം എത്തിച്ച് മരത്തിന്റെ ചുവട് വൃത്തിയായി കഴുകി. മരങ്ങള്‍ നശിപ്പിക്കുന്നതിന് ശ്രമം നടത്തിയ സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി പോലീസിലും ഫോറസ്റ്റ് വകുപ്പിലും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പരാതി നല്‍കിയിട്ടുണ്ട്.
