ലഖ്നൗ: ദേശീയ കോഡിനേറ്റർ പദവിയിൽ നിന്നു നീക്കിയതിനു പിന്നാലെ മരുമകൻ ആകാശ് ആനന്ദിനെ ബിഎസ്പിയിൽ നിന്നു പുറത്താക്കി മായാവതി. കോഡിനേറ്റർ സ്ഥാനത്തു നന്നു നീക്കിയതിനു പിന്നാലെ ആകാശ് നടത്തിയ പരാമർശനങ്ങളാണ് പാർട്ടിയിൽ നിന്ന പുറത്താക്കാൻ കാരണമെന്നു മായാവതി വ്യക്തമാക്കി.
നേരത്തെ പാർട്ടിയിൽ നിന്നു പുറത്താക്കിയ ഭാര്യാ പിതാവിന്റെ സ്വാധീനത്തിലാണ് ആകാശെന്നു ചൂണ്ടിക്കാട്ടിയാണ് പദവിയിൽ നിന്നു നീക്കുന്നത്. സ്ഥാനത്തു നിന്നു മാറ്റിയ ശേഷം ആകാശ് നടത്തിയ പരാമർശങ്ങൾ പശ്ചാത്താപത്തിന്റേതല്ല പകരം ധാർഷ്ട്യം നിറഞ്ഞതാണെന്നും മായാവതി എക്സിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു.
‘പുറത്താക്കിയ ഭാര്യാ പിതാവ് അശോക് സിദ്ധാർഥിന്റെ നിരന്തര സ്വാധീനത്തിലായതു കൊണ്ടാണ് ആകാശിനെ പാർട്ടി പദവിയിൽ നിന്നു നീക്കിയത്. ആകാശ് പശ്ചാത്തപിക്കുകയും പക്വത കാണിക്കുകയും ചെയ്യേണ്ടിയിരുന്നു. എന്നാൽ ആകാശ് പങ്കിട്ട കുറിപ്പ് പശ്ചാത്താപമോ രാഷ്ട്രീയ പക്വതയോ കാണിക്കേണ്ടതിനു പകരം അഹങ്കാരവും ധിക്കാരവും നിറഞ്ഞതും ഭാര്യാ പിതാവിന്റെ സ്വാധീനത്തിലുമുള്ളതാണ്. പാർട്ടി താത്പര്യം മുൻനിർത്തി ആകാശിനേയും ഭാര്യാ പിതാവിനേയും സംഘടനയിൽ നിന്നു പുറത്താക്കുകയാണ്’- അവർ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പാർട്ടി നേതൃത്വത്തെ അമ്പരപ്പിച്ച് ബിഎസ്പി ദേശീയ കോഡിനേറ്റർ സ്ഥാനത്തുനിന്ന് മരുമകൻ ആകാശ് ആനന്ദിനെ മായാവതി നീക്കിയത്. ആകാശിന്റെ പിതാവ് ആനന്ദ് കുമാർ, മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ രാംജി ഗൗതം എന്നിവരാണ് പുതിയ ദേശീയ കോഡിനേറ്റർമാർ.
ഉന്നത നേതാക്കളുടെ യോഗത്തിലാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഫെബ്രുവരി 17ന് ഡൽഹിയിൽ ചേർന്ന യോഗത്തിൽ തന്നെ ഇക്കാര്യത്തിൽ അന്തിമ ധാരണയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ വിവരം മായാവതി ആകാശിനെ അറിയിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഇന്നത്തെ യോഗത്തിലും ആകാശ് പങ്കെടുത്തിരുന്നില്ല.