പന്നു വധ ശ്രമം; ഗൂഢാലോചനയ്ക്ക് പിന്നിൽ ‘റോ’യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

ന്യൂയോർക്ക്: ഖലിസ്ഥാൻ അനുകൂല സംഘടനാ നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലെഇന്ത്യൻ ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ട് യുഎസ് പത്രം വാഷിങ്ടൻ പോസ്റ്റ്. കൊലപാതകം നടത്താനുള്ള സംഘത്തെ രൂപീകരിച്ചതും പന്നുവിന്റെ ന്യൂയോർക്കിലെ വിലാസം ഉൾപ്പെടെ വിശദാംശങ്ങൾ കൈമാറിയതും റോ ഉദ്യോഗസ്ഥനായ വിക്രം യാദവാണെന്നു പത്രം വെളിപ്പെടുത്തി.

കുറ്റപത്രത്തിൽ സിസി 1 എന്നു സൂചിപ്പിക്കുന്നത് ഇദ്ദേഹത്തെയാണെന്നു റിപ്പോർട്ടിൽ പറയുന്നു. പന്നുവിനെ കൊലപ്പെടുത്താനുള്ള ആളെ കണ്ടെത്താൻ നിഖിൽ ഗുപ്ത എന്ന വ്യക്തിയെ നിയോഗിച്ചത് വിക്രം യാദവ് ആണെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. നിഖിൽ ഗുപ്തയെ കഴിഞ്ഞ വർഷം ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യയുടെ രാജ്യാന്തര രഹസ്യാന്വേഷണ ഏജൻസിയാണ് റിസർച് ആൻഡ് അനാലിസിസ് വിങ് (റോ). റിപ്പോർട്ടിനെ കുറിച്ചു പ്രതികരിക്കാൻ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിസമ്മതിച്ചെന്നും വാഷിങ്ടൻ പോസ്റ്റ് പറയുന്നു.

പന്നുവിനെ വധിക്കാനുള്ള ഗൂഢ പദ്ധതി യുഎസ് തകർത്തതായി 2022 നവംബറിലാണു വാർത്തകൾ പുറത്തു വന്നത്. തങ്ങളുടെ അറിവോടെയാണെന്ന ആരോപണങ്ങൾ തള്ളിയ ഇന്ത്യ ഈ കേസിൽ അന്വേഷണ സമിതിയേയും നിയോഗിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!