അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടിനു പുറമേ, യുപിയിലെ റായ് ബറേലിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. അതേസമയം സഹോദരി പ്രിയങ്ക ഗാന്ധി ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്നാണ് സൂചന. രാഹുല്‍ കഴിഞ്ഞ തവണ മത്സരിച്ച അമേഠിയില്‍ നെഹ്‌റു കുടുംബത്തിന്റെ ബന്ധു ഷീല കൗളിന്റെ കൊച്ചുമകന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

രാഹുലും പ്രിയങ്കയും യുപിയിലെ അമേഠിയിലും റായ് ബറേലിയിലും മത്സരിക്കുമോയെന്ന അനിശ്ചിതത്വം നിലനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇരുവരും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

നെഹ്‌റു കുടുംബം പരമ്പരാഗതമായി മത്സരിക്കുന്ന സീറ്റുകളാണ് അമേഠിയും റായ്ബറേലിയും. സോണിയാഗാന്ധിയാണ് കഴിഞ്ഞ തവണ വരെ റായ്ബറേലിയില്‍ നിന്നും വിജയിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ സോണിയാഗാന്ധി ഇത്തവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് റായ്ബറേലിയിലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വന്നത്.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സുപ്രധാന സീറ്റുകളിലൊന്നാണ് റായ്ബറേലി. 1951 മുതല്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ കോട്ടയാണ്. തുടര്‍ച്ചയായി കഴിഞ്ഞ നാലുതവണയും സോണിയയാണ് റായ്ബറേലിയിലെ എംപി. പ്രിയങ്ക ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വിമുഖത കാണിക്കുന്നതും, ഗാന്ധി കുടുംബം കുടുംബത്തിന്റെ ശക്തികേന്ദ്രത്തില്‍ നിന്നും ഒളിച്ചോടുന്നു എന്ന ബിജെപിയുടെ പരിഹാസവുമാണ് രാഹുലിനെ റായ് ബറേലിയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മൂന്നു തവണയും, ഭര്‍ത്താവ് ഫിറോസ് ഗാന്ധി രണ്ടു തവണയും വിജയിച്ച മണ്ഡലമാണ് റായ് ബറേലി. രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ നെഹ്‌റു കുടുംബത്തിന്റെ ബന്ധും മുന്‍ കേന്ദ്രമന്ത്രിയും ഗവര്‍ണറുമായിരുന്ന അന്തരിച്ച ഷീല കൗളിന്റെ ചെറുമകനെയാണ് പരിഗണിക്കുന്നത്. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഭാര്യ കമലയുടെ സഹോദരന്റെ ബാര്യയാണ് വിദ്യാഭ്യാസ വിദഗ്ധയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ഷീല കൗള്‍. ഷീലയുടെ ചെറുമകനെയാണ് അമേഠിയില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!