ന്യൂഡല്‍ഹി : യുപിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീരുമാനം. അഫ്ഗാനിസ്ഥാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരാമര്‍ശിച്ചതും ചട്ടലംഘനമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഏപ്രില്‍ 9ന് യുപിയിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാമക്ഷേത്ര നിർമാണം, ഗുരുഗ്രന്ഥം, കർത്താർപൂർ ഇടനാഴി വികസിപ്പിച്ചത് എന്നിവയിൽ സർക്കാർ നടത്തിയ ഇടപെടലിനെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശം. ഇത് മൂന്നും ഹിന്ദു- സിഖ് മത വിഭാഗങ്ങളുടെ ആരാധനയുമായി ബന്ധപ്പെട്ട വിഷയമാണെന്നും മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഇതില്‍ അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ ഒരു അഭിഭാഷകനാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നല്‍കിയത്.
മോദി പരാമർശത്തിൽ മാതൃക പെരുമാറ്റചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് യോഗം വിലയിരുത്തി. അതേസമയം നരേന്ദ്ര മോദി രാജസ്ഥാനില്‍ നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ നിരവധി പരാതി ലഭിച്ചിട്ടുണ്ടെങ്കിലും കമ്മീഷന്‍ തീരുമാനമെടുത്തിട്ടില്ല. ഏപ്രില്‍ 15ന് മുന്‍പ് ലഭിച്ച ആദ്യഘട്ട പരാതികള്‍ മാത്രമാണ് ഇതുവരെ യോഗം വിലയിരുത്തിയത്. അടുത്ത ആഴ്ച ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
‘രാമക്ഷേത്ര നിർമാണം’; മോദിയുടെ പരാമർശം ചട്ട ലംഘനം അല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
