‘മോദി കാ ഗ്യാരണ്ടി’, മൂന്ന് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ കൂടി വരുമെന്ന് ബിജെപി


ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ കൂടി വരുമെന്ന് വാഗ്ദാനം നല്‍കി ബിജെപി. ബിജെപി പ്രകടന പത്രികയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അഹമ്മദാബാദിനെ മുംബൈയുമായി ബന്ധിപ്പിക്കുന്ന ആദ്യ ഇടനാഴിയുടെ ജോലി ഏതാണ്ട് പൂര്‍ത്തിയായെന്നും മൂന്ന് ഇടനാഴികളുടെ സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബിജെപിയുടെ ലോക്സഭാ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വടക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ സാധ്യതാ പഠനം ആരംഭിക്കുമെന്നാണ് ബിജെപി പ്രകടന പത്രികയില്‍ പറയുന്നത്.

ലോകോത്തര നിലവാരമുള്ള വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് ട്രെയിനുകള്‍ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നു.കേന്ദ്രത്തില്‍ മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ നിരവധി റെയില്‍വേ പദ്ധതികള്‍ക്ക് ബിജെപിയുടെ പ്രകടനപത്രികയില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ‘മോദി കി ഗ്യാരന്റി’ എന്ന പേരില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ ചരക്ക് ഗതാഗതം വര്‍ധിപ്പിക്കുന്നതിനായി പുതിയ പാതകള്‍ നിര്‍മിക്കുമെന്നും പറയുന്നുണ്ട്.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 31,000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും മൂന്നാം തവണ അധികാരത്തില്‍ വന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 5000 കിലോമീറ്റര്‍ പുതിയ റെയില്‍വേ ട്രാക്കുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നുമാണ് പ്രകട പത്രികയില്‍ പറയുന്നത്.

2030 ഓടെ യാത്രക്കാരുടെ വാഹകശേഷി ഗണ്യമായി വര്‍ധിപ്പിക്കും. പ്രധാന, ഇടത്തരം നഗരങ്ങളില്‍ 1300 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേയ്ക്ക് എത്തിക്കും. വന്ദേ ഭാരത് മെട്രോയും ആരംഭിക്കുമെന്നും ഉപയോക്താക്കള്‍ക്കായി എല്ലാ സേവനങ്ങളും ഉറപ്പാക്കുന്ന പുതിയ ആപ്പ് പുറത്തിറക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!