പാനൂര്‍ സ്‌ഫോടന കേസ്: കേന്ദ്ര ഏജന്‍സികളെ അന്വേഷണമേല്‍പ്പിക്കണമെന്ന് ഷാഫി പറമ്പില്‍

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടന കേസ് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും വടകര ലോകസഭ മണ്ഡലം സ്ഥാനാര്‍ഥിയുമായ ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബോംബ് നിര്‍മാണം സിപിഐഎം നേതാക്കളുടെ അറിവോടെയെന്നെന്നും നിസാര വകുപ്പുകള്‍ ചേര്‍ത്താണ് നിലവില്‍ പൊലീസ് കേസെടുത്തിട്ടുള്ളത് എന്നുമുള്ള ആരോപണവും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഷാഫി ഉന്നയിച്ചു. സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്റെ അടിയന്തര ഇടപെടലുണ്ടാവണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

നേരത്തെ പാനൂര്‍ ബോംബ് സ്‌ഫോടനം എല്‍ഡിഎഫിനെതിരെ ശക്തമായ തെരഞ്ഞെടുപ്പ് ആയുധമാക്കി ഷാഫി മാറ്റിയിരുന്നു. ടിപി ചന്ദ്രശേഖര്‍ വധക്കേസ് പ്രധാന വിഷയമാകുന്ന വടകരയില്‍ ടിപിയുടെ ഭാര്യയും എംഎല്‍എയുമായ രമയെ മുന്നില്‍ നിര്‍ത്തി സമാധാന റാലിയും ഷാഫി സംഘടിപ്പിച്ചിരുന്നു.

ഏപ്രില്‍ 5 വെള്ളിയാഴ്ച പുലര്‍ച്ചെ രാത്രി ഒരു മണിക്കായിരുന്നു സ്‌ഫോടനം. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാളുടെ ഇരു കൈപ്പത്തികളും അറ്റ് പോവുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!