രാമേശ്വരം കഫേ സ്‌ഫോടനം; ബോംബ് സ്ഥാപിച്ചയാളും മുഖ്യസൂത്രധാരനും ബംഗാളില്‍ നിന്ന് പിടിയില്‍

ബംഗളൂരു : രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. കര്‍ണാടകയിലെ ശിവമോഗ സ്വദേശികളായ അബ്ദുള്‍ മതീന്‍ താഹ, മുസവീര്‍ ഹുസൈന്‍ ഷാജിഹ് എന്നിവരാണ് പിടിയിലായത്.

അബ്ദുള്‍ മതീന്‍ താഹയാണ് കേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇയാള്‍ക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നേട്ടീസ് ഇറക്കുകയും ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുസവീര്‍ ഹുസൈന്‍ ഷാജിഹാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെനിരവധി എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ബംഗാള്‍ ഉള്‍പ്പെടയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പ്രതികളെ ബംഗാളില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.

ബംഗളൂരു ബ്രൂക് ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന കഫെയില്‍ മാര്‍ച്ച് ഒന്നിനായിരുന്നു സ്‌ഫോടനം നടന്നത്. കഫെയില്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ അജ്ഞാതന്‍ ബോംബ് അടങ്ങിയ ബാഗ് വാഷ്റൂമിനു സമീപമുള്ള ട്രേയില്‍ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ഉച്ചയോടെ പത്തു സെക്കന്‍ഡ് ഇടവേളയില്‍ രണ്ടു സ്‌ഫോടനങ്ങള്‍ നടക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് നടന്നതെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!