കൽപ്പറ്റ : മാരക മയക്കു മരുന്നായ എൽഎസ്ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്കു കടക്കാൻ ശ്രമിച്ച യുവതി വയനാട്ടിൽ പിടിയിൽ. മുംബൈ സ്വദേശിനിയാണ് പിടിയിലായത്. മുംബൈ വസന്ത് ഗാർഡൻ റെഡ് വുഡ്സിൽ സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ അറസ്റ്റിലായത്.
ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിൽ വച്ചാണ് ഇവരെ പിടികൂടിയത്. ഒരു സ്ട്രിപ്പിൽ മൂന്നെണ്ണം ഉൾക്കൊള്ളുന്ന 0.06 ഗ്രാം തൂക്കമുള്ള എൽഎസ്ഡി സ്റ്റാമ്പാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്.
മൈസൂർ ഭാഗത്തു നിന്നു കാറിൽ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്നു സുനിവ. സ്റ്റാമ്പുകള്‍ ബംഗളൂരുവിലെ പാർട്ടിക്കിടെ ഒരാളിൽ നിന്നു വാങ്ങിയതാണെന്നാണ് ഇവരുടെ മൊഴി.
കൈവശം എൽഎസ്‍ഡി സ്റ്റാമ്പ്, കേരളത്തിലേക്ക് കടക്കാൻ ശ്രമം; വയനാട്ടിൽ ലഹരി മരുന്നുമായി യുവതി പിടിയിൽ
