തൃശൂരില്‍ സിപിഎമ്മിന് 101 സ്ഥാവര ജംഗമ സ്വത്തുക്കള്‍; കണക്കില്‍ ഒരു കെട്ടിടം മാത്രമെന്ന് ഇഡി


തൃശൂര്‍: തൃശൂരിലെ സിപിഎമ്മിന്റെ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചെന്ന ആരോപണവുമായി ഇ ഡി. തൃശൂരില്‍ പാര്‍ട്ടിക്ക് 101 സ്ഥാവര, ജംഗമ സ്വത്തുക്കളുണ്ട്. എന്നാല്‍ ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കില്‍ ഒരു കെട്ടിടം മാത്രമാണ് കാണിച്ചിട്ടുള്ളതന്നും ഇഡി ആരോപിക്കുന്നു.

101 സ്വത്തുക്കളില്‍ ആറെണ്ണം വില്‍പന നടത്തി. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സ്വത്തുവിവരങ്ങള്‍ കണ്ടെത്തിയത്. പാര്‍ട്ടി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും ഇഡി തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്.

സ്വത്തുക്കള്‍ സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. പാര്‍ട്ടി കെട്ടിടങ്ങളും വസ്തുക്കളും മറ്റും വാങ്ങിയത് ജില്ലാ സെക്രട്ടറിയുടെയും മറ്റും പേരിലാണ്. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഇതിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇഡി ആരോപിക്കുന്നു.

അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പികെ ഷാജന്‍ എന്നിവരെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കരുവന്നൂര്‍ ബാങ്കിലെ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടിനെക്കുറിച്ചും ബാങ്കില്‍ നിന്ന് ബിനാമി വായ്പകള്‍ അനുവദിച്ചതിലുമാണ് ചോദ്യം ചെയ്യല്‍.

എന്നാൽ രഹസ്യ അക്കൗണ്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന മറുപടിയാണ് നേതാക്കൾ നൽകിയിട്ടുള്ളത്. എന്നാൽ ബാങ്ക് അക്കൗണ്ട് ലോക്കൽ കമ്മിറ്റിയുടെ പേരിലാണെന്നും ഇത് സംബന്ധിച്ച രേഖകൾ ലഭിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!