‘മദ്യ വിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധ പ്രദര്‍ശനം’; സി വിജില്‍ ആപ്പ് വഴി പരാതി പ്രളയം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 1,07,202 പരാതികളെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. ഇവയില്‍ 1,05,356 പരാതികളില്‍ നടപടി എടുത്തു. 183 പരാതികളില്‍ നടപടി പുരോഗമിക്കുന്നു. വസ്തുതയില്ലെന്ന് കണ്ട് 1,663 പരാതികള്‍ തള്ളി.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 7 വരെയുള്ള കണക്കാണിത്. അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 93,540 പരാതികള്‍ ലഭിച്ചപ്പോള്‍ വസ്തുവകകള്‍ വികൃതമാക്കിയത് സംബന്ധിച്ച് 5,908 പരാതികള്‍ ഉണ്ടായി.

നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച 2,150 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 177 പരാതികളും ലഭിച്ചു.

പണ വിതരണം(29), മദ്യവിതരണം(32), സമ്മാനങ്ങള്‍ നല്‍കല്‍(24), ആയുധപ്രദര്‍ശനം(110), വിദ്വേഷപ്രസംഗം(19), സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍(10) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജില്‍ വഴി ലഭിച്ചു.

പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച ഏതുതരം പരാതികളും അപ്പപ്പോള്‍ സി വിജില്‍(സിറ്റിസണ്‍സ് വിജില്‍) ആപ്ലിക്കേഷനിലൂടെ അയക്കാമെന്ന് മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ അറിയിച്ചു. ആപ്പ് വഴി അയക്കുന്ന പരാതികളിന്മേല്‍ ഉടനടി നടപടി എടുക്കും.

ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടുമിനുട്ടില്‍ കൂടാത്ത വീഡിയോ എന്നിവ സഹിതം ചെറുകുറിപ്പോടെ നല്‍കുന്ന പരാതികള്‍ക്ക് 100 മിനുട്ടിനുള്ളില്‍ നടപടിയുണ്ടാവും. സി വിജില്‍ ആപ്ലിക്കേഷന്‍ ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!