കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തടയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ തൃണമൂല്‍ പൂര്‍ണപരാജയം ആണെന്നും ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ മോദി പ്രതികരിച്ചു.
ടിഎംസിക്ക് അവരുടെ അഴിമതിക്കാരായ നേതാക്കള്‍ നടത്തുന്ന അക്രമത്തിനെല്ലാം ലൈസന്‍സ് ഉണ്ടെന്ന അവസ്ഥയാണ്. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ വരുമ്പോള്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. ബംഗാളിലെ ജല്‍പായ്ഗുരിയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. കേന്ദ്ര സര്‍ക്കാരിന്റെ നിരവധി ക്ഷേമ പദ്ധതികള്‍ സാധാരണ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതാണ്. എന്നാല്‍ ടിഎംസി സര്‍ക്കാര്‍ ഇതൊന്നും അനുവദിക്കുന്നില്ല. പണം ആദ്യം അവരുടെ നേതാക്കലുടെ അക്കൗണ്ടില്‍ എത്തണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 30,000 കോടി അനുവദിച്ചു. പണം നേരിട്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പോകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ആദ്യം നേതാക്കളുടെ അക്കൗണ്ടിലേക്ക് വരണമെന്നാണ് ടിഎംസി ആവശ്യപ്പെടുന്നതെന്നും മോദി ആരോപിച്ചു.
എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കാന്‍ കേന്ദ്രം ‘നല്‍ സേ ജല്’ എന്ന പദ്ധതിക്ക് സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്. എന്നാല്‍ ബംഗാളില്‍ പദ്ധതി കൃത്യമായി നടപ്പാക്കുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ട രോഗികള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല.
സന്ദേശ്ഖാലി വിഷയത്തിലും ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. സ്ത്രീകള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ക്ക് രാജ്യം മുഴുവന്‍ സാക്ഷികളാണ്. ബംഗാളില്‍ എല്ലാ കാര്യത്തിലും കോടതി തന്നെ ഇടപെടേണ്ട അവസ്ഥയാണ്. ഇവിടെ ഭരിക്കുന്നത് ടിഎംസി സിന്‍ഡിക്കേറ്റാണ്. കഴിഞ്ഞ 10 വര്‍ഷത്തെ വികസനം വെറും ‘ട്രെയിലര്‍’ മാത്രമാണെന്നും അതിനായി രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.