ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണോയെന്ന് തീരുമാനിക്കും: മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള

ന്യൂദൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍ കൂടിയാകുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍പിള്ള.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമോയെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയാ യിരുന്നു രാമചന്ദ്രന്‍ പിള്ള.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരാണ് കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ സുഗമമായി തുടരാന്‍ അനുവദിക്കില്ല. ബിജെപി ഇതര സര്‍ക്കാരുകളോടുള്ള അവരുടെ സമീപനം തന്നെ അതാണ് കാണിക്കുന്നത്. കോണ്‍ഗ്രസിന്റെ കാര്യത്തിലാകട്ടെ, യുഡിഎഫ് സംവിധാനം മുഴുവന്‍ എല്‍ഡിഎഫിന് എതിരാണ്. അതുകൊണ്ടാണ് കേരളത്തില്‍ ഇടതുപക്ഷം വിജയിച്ചാല്‍ മാത്രമേ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ച സാധ്യമാകൂ എന്ന് ഞങ്ങള്‍ പറയുന്നത്.

ഇടത് സര്‍ക്കാരിനും സിപിഎമ്മിനും കരിനിഴല്‍ വീഴ്ത്താന്‍ ഇഡി, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നു. അവ രാഷ്ട്രീയ പ്രചാരകരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ സമീപനം ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വിശദീകരിക്കും. സുപ്രീം കോടതി പോലും അതൊരു പ്രധാന വിഷയമായി അംഗീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാണ്. മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപിയുടെ പരാജയം അനിവാര്യമാണ്. അവിടെയാണ് സിഎഎയ്ക്കെതിരായ പ്രചാരണം പ്രധാനമാകുന്നത്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നതിലേക്കുള്ള നീക്കം, കാലാകാലങ്ങളില്‍ നിയമസഭകളിലെ രാഷ്ട്രീയ മാറ്റങ്ങള്‍ നിരസിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എസ് രാമചന്ദ്രന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!