‘പ്രചാരണത്തില്‍ ചിലര്‍ ഉഴപ്പുന്നു’; പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും

പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ പ്രചാരണത്തില്‍ നേതാക്കളില്‍ ചിലര്‍ ഉഴപ്പുന്നതായി മുതിര്‍ന്ന നേതാവ് ആരോപണം ഉന്നയിച്ചു. ഇതില്‍ പ്രകോപിതനായി മറ്റൊരംഗം അതിരൂക്ഷമായി പ്രതികരിച്ചതോടെയാണ് യോഗത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്.

രണ്ടു ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളാണ് നേര്‍ക്കുനേര്‍ പോരടിച്ചത്. മറ്റുള്ളവര്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ബഹളം ഏറെ നേരം നീണ്ടുനിന്നു. മന്ത്രി വാസവന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം ചേര്‍ന്നത്. തര്‍ക്കത്തിനൊടുവില്‍ ഒരു നേതാവ് രാജിവെക്കുന്നതായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

യോഗത്തിനു ശേഷം പുറത്തിറങ്ങുന്നതിനിടെ വിമര്‍ശനം ഉന്നയിച്ച നേതാവിനെ പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ ജില്ലാ നേതാവ് അസഭ്യം പറഞ്ഞു കയ്യേറ്റം ചെയ്തുവെന്നും മര്‍ദ്ദിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഇദ്ദേഹം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം ഇതില്‍ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!