കൊടുങ്ങൂര്‍: പിടിയാന ഗജമേളയ്ക്ക് കൊടുങ്ങൂര്‍ ഒരുങ്ങി. ഇന്ന് വൈകിട്ട് മൂന്നുമണിയ്ക്ക് ഗജറാണിമാര്‍ ഓരോന്നായി പടിപ്പുരവാതില്‍ കടന്ന് ഇറങ്ങും.
ആയിരങ്ങള്‍ക്ക് ആവേശമായി ശൈലേഷ് വൈക്കത്തിന്റെ ഗജ വിവരണവും ഉണ്ടാകും. കേരളത്തിലെ ഏറ്റവും പേരുകേട്ട 9 പിടിയാനകളാണ് കൊടുങ്ങൂർ ദേവീക്ഷേത്ര സന്നിധിയിൽ നടക്കുന്ന ഗജമേളയില്‍ അണി നിരക്കുന്നത്. ആടയാഭരണങ്ങള്‍ ഒന്നുമില്ലാതെ പിടിയാന ചന്തം ആസ്വദിക്കാനുള്ള ഒരു അപൂര്‍വ അവസരം ഒരുപക്ഷേ ഇവിടെ മാത്രമായിരിക്കും ലഭിക്കുക.
ഏറ്റവും മികച്ച അഴകുള്ള പിടിയാന ചന്തത്തിന് തൃക്കൊടുങ്ങൂര്‍ മഹേശ്വരിപ്രീയ ഇഭകുല സുന്ദരി പട്ടം ശ്രീപത്മനാഭദാസ അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ സമ്മാനിക്കും. ശ്രീകുമാര്‍ അരൂകുറ്റി, അഡ്വ. രാജേഷ് പല്ലാട്ട്, ശൈലേഷ് വൈക്കം എന്നിവരാണ് മികച്ച പിടിയനാകളെ തെരഞ്ഞെടുക്കുക.
പിടിയനാകളെ സംരക്ഷിക്കുന്ന ആന ഉടമകളെയും പാപ്പന്മാരെയും മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി ആദരിക്കും.
നാളെ ആറാട്ട് എതിരേല്‍പ്പിന് വൈകിട്ട് ഏഴിന് പിടിയാന പുറത്തെ കുടമാറ്റം നടക്കും. 20 ലധികം വർണ്ണക്കുടകള്‍ പിടിയാന പുറത്തു മാറുമ്പോള്‍ അതൊരു പുതുചരിത്രം കൂടിയാകും.
കൊടുങ്ങൂര്‍ കവലയില്‍ ഉള്ള ദേവി ഓഡിറ്റോറിയത്തില്‍ 15 ആനകളുടെ ചമയ പ്രദര്‍ശനം ഇന്നലെ ആരഭിച്ചു. പ്രവേശനം സൗജന്യമാണ്.