ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണി മുഴക്കിയതിന് തമിഴ്‌നാട് മന്ത്രിക്കെതിരെ കേസ്. തമിഴ്‌നാട് ഗ്രാമ-ചെറുകിട വ്യവസായ വകുപ്പ് മന്ത്രി ടി എം അന്‍പരശനെതിരെയാണ് ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ് കേസ്.
പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കുന്ന മന്ത്രി അന്‍പരശന്റെ വീഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. ഇതേത്തുടര്‍ന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 153, 268, 503, 505, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ഒരു പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. പ്രസംഗത്തിനിടെ, പ്രധാനമന്ത്രിയെ കഷണങ്ങളായി വെട്ടിമുറിക്കുമെന്ന് മന്ത്രി അന്‍പരശന്‍ ഭീഷണി മുഴക്കുന്നതായി എഫ്‌ഐആറില്‍ പറയുന്നു. പ്രസ്താവന പ്രധാനമന്ത്രിയുടെ സുരക്ഷയെ വെല്ലുവിളിക്കുന്നു എന്നു മാത്രമല്ല, രാജ്യത്തിന്റെ സമാധാനം തകര്‍ക്കാനും അക്രമം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വ ശ്രമമാണെന്നും എഫ്‌ഐആറില്‍ പറയുന്നു.